വിലങ്ങാട് ഉരുൾ പൊട്ടൽ : കൂറ്റൻ പാറകൾ വീടിന് മുകളില്‍, ദുരിതത്തിലായി മാനുവല്‍
1460728
Saturday, October 12, 2024 4:31 AM IST
ടി. ഇ. രാധാകൃഷ്ണൻ
വിലങ്ങാട് : മരിക്കുന്നെങ്കിൽ മരിക്കട്ടെ നാട്ടുകാർ അറിയണം ഞാൻ എഴുതി വെക്കും ഇനിയുള്ള ദിവസങ്ങൾ വീട്ടിൽ തന്നെ കഴിയണം... നരിപ്പറ്റ പഞ്ചായത്തിലെ വാളുക്കിലെ കാവിൽ പുരയിടത്ത് മാനുവലിന്റെതാണ് ഈ വാക്കുകൾ.മാനുവലിന്റെ വീടിന് ഭീഷണി ഉയർത്തി കുറ്റൻ പാറകൾ ഉണ്ട്. ഇവ പൊട്ടിച്ച് മാറ്റാൻ അധികൃതർക്ക് പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് മാനുവല്‍ പ്രതികരിച്ചത്.
അധികൃതർ കനിയാതായതോടെഉരുൾ ബാക്കി വെച്ച സ്വന്തം വീട്ടിലേക്ക് മടങ്ങാനാണ് മാനുവലിന്റെ തീരുമാനം.ജൂലായ് 30 ന് വിലങ്ങാട് മേഖലയിലൂണ്ടായ ഉരുൾപൊട്ടലിനൊപ്പമാണ് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലും ഉരുൾപൊട്ടിയത്. മൂന്ന് ഉരുളുകളാണ് വാളൂക്കിലുണ്ടായത് വ്യാപകമായ കൃഷി നാശമുണ്ടായി. റബ്ബർ ,തെങ്ങ് ഉൾപ്പെടെ ഏക്കർ കണക്കിന് ഭൂമിയാണ് ഉരുൾ പൊട്ടി ഒലിച്ചിറങ്ങിയത്.
2018 ലും ഇതേ സ്ഥലത്ത് ഉരുൾ നാശം വിതച്ചിരുന്നു. മാനുവലിന്റെ വീടിന് സമീപത്തെ മലമുകളിൽ കൂറ്റൻ പാറകൾക്കിടയിലെ മണ്ണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചിറങ്ങിയതോടെ പാറകൾ ഇളകി വീടിന് മുകളിലേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്.
വില്ലേജ് അധികൃതർ കുടുംബത്തെ വാളൂക്കിലെ വാടക വീട്ടിലേക്ക് മാറ്റിയെങ്കിലും സർക്കാർ പ്രഖ്യാപിച്ച വാടകയിനത്തിലുള്ള സഹായം രണ്ട് മാസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഹൃദ്രോഗിയായ മാനുവലും ഭാര്യയും മകനും കുടുംബവുമായിരുന്നു ഈ വീട്ടിൽ താമസം.
സ്വന്തം വീട്ടിലെക്ക് തിരിച്ച് പോകണമെങ്കിൽ പാറകൾ പൊട്ടിച്ച് ഒഴിവാക്കണം. പാറക്കൂട്ടം പൊട്ടിച്ച് മാറ്റാൻ വടകര എംപി ,വാണിമേൽ പഞ്ചായത്ത്, വില്ലേജ്, താഹസിൽദാർ, കളക്ടര്എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാനുവലും കുടുംബവും പറഞ്ഞു.