ദേശീയപാത പ്രവൃത്തി: പൈപ്പിടല്‍ പൂര്‍ത്തിയായി
1459945
Wednesday, October 9, 2024 7:13 AM IST
കോഴിക്കോട്: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി വേങ്ങേരിയിലും മലാപ്പറമ്പിലുമുള്ള ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റല്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. വേങ്ങേരി ഓവർപാസിന് തടസമായ പൈപ്പ് വേങ്ങേരി -മലാപ്പറമ്പ് സർവീസ് റോഡരികിലേക്കാണ് മാറ്റിയത്. ദേശീയപാതയിലെ പൈപ്പുകള്‍ക്ക് പകരമായുള്ള പുതിയ പൈപ്പുകള്‍ അതത് സര്‍വീസ് റോഡിലേക്കും മാറ്റി. വരുംദിവസങ്ങളില്‍ പുതിയ പൈപ്പില്‍ ജല മർദം പരിശോധിക്കും.
പുതിയ പൈപ്പിലേക്ക് കണക്ഷന് നല്‍കുന്നതും പഴയ പൈപ്പുകള്‍ എടുത്തുമാറ്റുന്നതമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലും തുടര്‍ നടപടിയുണ്ടാകും.പെരുവണ്ണാമൂഴിയിൽനിന്നാണ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 10 സംഭരണിയിലേക്ക് വേങ്ങേരിവഴി ഒന്നര മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ വെള്ളമെത്തിക്കുന്നത്.
കോര്‍പറേഷനും സമീപത്തെ 13 പഞ്ചായത്തുകളുമാണു പ്രധാന ഗുണഭോക്താക്കള്‍. നിലവിലെ പൈപ്പ് വഴി ജലവിതരണം നിർത്തിവച്ചാല്‍ മാത്രമേ പൈപ്പുകൾ തമ്മില്‍ കൂട്ടിച്ചേർക്കാന്‍ സാധിക്കൂ. പകരം ക്രമീകരണം ഒരുക്കുന്നതിനും മറ്റുകാര്യങ്ങള്‍ തീരുമാനിക്കുന്നതിനുമാണ് കലക്ടറുടെ നേതൃത്വത്തില്‍ യോഗംചേരുന്നത്. ജലവിതരണം തടസപ്പെടുന്നത് ഒരാഴ്ചമുമ്പ് പൊതുജനങ്ങളെ അറിയിക്കും. നിലവില്‍ രണ്ടാഴ്ചയോളം മര്‍ദം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തി നടക്കും. ഇക്കാലയളവില്‍ കുടിവെള്ള വിതരണം തടസപ്പെടില്ലെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.