ബാലുശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തി തുടങ്ങി
1459943
Wednesday, October 9, 2024 7:13 AM IST
ബാലുശേരി: ബാലുശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തി തുടങ്ങി. പഴയ വില്ലേജ് ഓഫിസിനു സമീപത്തായി റവന്യൂ വകുപ്പിനു കീഴിലുള്ള 72 സെന്റ് സ്ഥലത്താണ് നിർമ്മാണം. 2021 സെപ്റ്റംബറിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
സാങ്കേതിക കാരണങ്ങളാൽ രണ്ടരവർഷക്കാലമായി പ്രവൃത്തി തുടങ്ങാൻ കഴിയാതെ നീണ്ടുപോകുകയായിരുന്നു. കെട്ടിട നിർമാണത്തിന് മണ്ണെടുക്കലുമായി ബന്ധപ്പെട്ട് ആദ്യം കരാറെടുത്ത കന്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവൃത്തി നീട്ടിക്കൊണ്ടുപോയതിനാൽ കരാർ കന്പനിയെ പൊതുമരാമത്ത് വകുപ്പ് തന്നെ ഒഴിവാക്കുകയായിരുന്നു. റീ ടെൻഡർ നടപടി പൂർത്തിയായി മലപ്പുറത്തെ ഒരു കന്പനിയെയാണ് നിലവിൽ കെട്ടിട നിർമാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി 15 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ബാലുശേരി ടൗണിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, എക്സൈസ് ഓഫിസ്, വൈദ്യുതി ഓഫിസുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വനിതാ ശിശുവികസന വകുപ്പ് ബാലുശേരി പ്രോജക്ട് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മിനി സിവിൽ സ്റ്റേഷന്റെ വരവോടെ സാധ്യമാകും.