ബിഎസ്എന്‍എലിലേക്കു മാറുന്നവര്‍ കൂടുന്നു
1459799
Tuesday, October 8, 2024 8:36 AM IST
കോഴിക്കോട്: സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഡാറ്റാ ചാര്‍ജ് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബിഎസ്എന്‍എലിലേക്കു കണക്ഷന് മാറുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ബിഎസ്എന്‍എല്‍ കോഴിക്കോട് ബിസിനസ് ഏരിയയില്‍ 22000 പേര് സ്വകാര്യ സേവന ദാതാക്കളെ ഒഴിവാക്കി ബിഎസ്എന്‍എലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ കാലയളവില്‍ ഇത്രയേറെ ആളുകള്‍ കൂട്ടത്തോടെ ബിഎസ്എന്‍എലിലേക്ക് വരാറില്ല.
സ്വകാര്യ ദാതാക്കള്‍ ഡാറ്റാ ചാര്‍ജ് കൂട്ടിയതാണ് ഇതിനു കാരണമെന്ന് ബിഎസ്എന്‍എല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലായി 98,000 ഫൈബര്‍ ടു ഹോം കണക്ഷന് നല്‍കിയിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനമാണിത്. ഇതു ഒരു ലക്ഷമാക്കാനുള്ള പ്രവൃത്തികളാണ് നടന്നുവരുന്നത്. നിലവില്‍ കോപ്പര്‍ ലൈനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ലാന്‍ഡ്ലൈന്‍- ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഫൈബര്‍ കണക്ഷനാക്കുന്നതിനുള്ള പ്രവര്‍ത്തനവും നടന്നുവരികയാണ്. ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ബിഎസ്എന്‍എല്‍ ടെലികോം സേവനങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിനു വിവിധ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നുണ്ട്.
രണ്ടു മാസത്തിനകം കോഴിക്കോട് ജില്ലയില്‍ 130 ടവറുകളും വയനാട്ടില്‍ 50 ടവറുകളും 4ജി സേവനങ്ങള്‍ക്കായി ഒരുക്കി. ശേഷിക്കുന്ന ടവറുകളില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കം സേവനമെത്തിക്കും. മൊബൈല്‍ സിഗ്നല്‍ ഇല്ലാത്ത പ്രദേശത്ത് മൊബെല്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സാച്ചുറേഷന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ട് ജില്ലയിലെ ട്രൈബല്‍ പ്രദേശത്ത് എട്ട് ടവറുകളും വയനാട്ടില്‍ 10 ടവറുകളും സ്ഥാപിച്ചതായി അവര്‍ പറഞ്ഞു.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 16ന് കോഴിക്കോട് ബീച്ചില്‍ പട്ടംപറത്തല്‍ മത്സരം സംഘടിപ്പിച്ചതായി അവര്‍ പറഞ്ഞു. വണ്‍ ഇന്ത്യ കൈറ്റ് ടീമിന്റെ സഹകരണത്തോടെയാണ് മത്സരം. സോസര്‍ കൈറ്റ്, സ്പോര്‍ട്സ് കൈറ്റ്, പവര്‍ കൈറ്റ് തുടങ്ങിയ വലിയ പട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മല്‍സരം. പങ്കെടുക്കുന്ന 100 പേര്‍ക്ക് ബിഎസ്എന്‍എല്‍ മത്സരത്തിനുള്ള പട്ടം നല്‍കും. ബീച്ച് ഓപ്പണ്‍ സ്റ്റേജിനു സമീപമാണ് മത്സരം.
വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഡിജിഎമ്മുമാരായ പി.വി. രാജേഷ്, വി.പി. ദീപ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.