അങ്കണവാടി കെട്ടിട നിർമാണം വൈകുന്നതായി പരാതി
1459481
Monday, October 7, 2024 5:45 AM IST
കൂരാച്ചുണ്ട്: അങ്കണവാടി കെട്ടിടം പുതുക്കി നിർമിക്കുന്നത് വൈകുന്നതായി പരാതി. കൂരാച്ചുണ്ട് പഞ്ചായത്ത് 12-ാം വാർഡിലെ 60-ാം നമ്പർ അങ്കണവാടി കെട്ടിടമാണ് ബലക്കുറവ് മൂലം പൊളിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും അങ്കണവാടി നിർമാണം എവിടെയും എത്താത്ത നിലയിലാണ്. 25 കുട്ടികൾ പഠിക്കുന്ന അങ്കണവാടി രണ്ട് വർഷമായി അത്യോടി പള്ളിവക മദ്രസയിലാണ് പ്രവർത്തിച്ചു വരുന്നത്. രണ്ടു വർഷമായി വാടക നൽകി വരികയാണ്.
സ്വകാര്യ വ്യക്തി തികച്ചും സൗജന്യമായി അങ്കണവാടി നിർമിക്കാൻ സ്ഥലം വിട്ടു നൽകിയതാണ്. പഞ്ചായത്തിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും അനാസ്ഥയാണ് പഴയ കെട്ടിടം പൊളിച്ചുനീക്കാനും പുതിയ അങ്കണവാടി കെട്ടിടം നിർമിക്കാനും കാലതാമസം നേരിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അങ്കണവാടിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യാൻ പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.