സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കൾ പിടിയിൽ
1459269
Sunday, October 6, 2024 5:05 AM IST
താമരശേരി: സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിസിനസുകാരനിൽ നിന്ന് 10ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിലായി. ഒരാളെ കൊച്ചിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബിസിനസുകാരന്റെ സഹായിയായിരുന്ന അബ്ദുൾ അക്ബർ (24), കൂട്ടാളി അൻസാർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും തൃശൂർ കൈപ്പമംഗലം സ്വദേശികളാണ്. ഇവർക്ക് പണം തട്ടുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്റെ സഹായം ലഭിക്കുകയും പരാതിക്കാരന്റെ കയ്യിൽ നിന്നും വലിയൊരു തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കൂട്ടാളികൾ മുഖേനയും പണം കൈപ്പറ്റിയിരുന്നു.
കാക്ക രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്പി നിതിൻ രാജിന്റെ നിർദേശ പ്രകാരം താമരശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്എച്ച്ഒ കെ.പി. അഭിലാഷ്, എസ്ഐ ബേബി മാത്യു, എഎസ്ഐ എസ്. ലിയ, സിപിഒമാരായ അനൂപ് തറോൾ, സിൻജിത് തുടങ്ങിയവരാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.