മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി
1459265
Sunday, October 6, 2024 5:05 AM IST
താമരശേരി: മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന താഴെയിറക്കി രക്ഷപ്പെടുത്തി. കൂടത്തായി മാങ്കുന്ന് സ്വദേശി ജോഷി(42)യാണ് വെള്ളിയാഴ്ച രാത്രി 9.30 ഓടെ വീടിന് സമീപത്തെ പറമ്പിലെ 50 അടിയോളം ഉയരമുള്ള പ്ലാവില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും താഴേക്ക് ചാടുമോ എന്ന ആശങ്കയില്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോയ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ സേനാംഗങ്ങള്‍ എത്തുകയും റെസ്ക്യൂ നെറ്റിന്റെ സഹായത്താല്‍ സുരക്ഷിതമായി താഴെ ഇറക്കുകയുമായിരുന്നു. പിന്നീട് സേനയുടെ തന്നെ ആംബുലന്‍സില്‍ അവശനായ ജോഷിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.