ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം
1459263
Sunday, October 6, 2024 5:05 AM IST
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പലയിടത്തും റോഡുകൾ തകർന്ന നിലയിലാണ്. ഇതുമൂലം റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്നതായി സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം എന്നിവർ പറഞ്ഞു.
സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ നേരിടുന്ന മുക്കാളി, കേളുബസാർ എന്നിവിടങ്ങളിൽ ഇതിന് പരിഹാരമായി പുതുതായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാക്കണമെന്ന് സമിതി അംഗം പി.പി. രാജൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് എന്നിവർ ആവശ്യപ്പെട്ടു.
സ്ഥലം ഏറ്റെടുക്കൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിരുന്നു. എന്നാൽ അതിൽ നിന്ന് പിന്നോട്ട് പോയതായി പരാതി ഉയർന്നു. ദേശീയപാത നിർമാണ കമ്പനിയുടെ വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങൾ ഇല്ലെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. റെയിൽവേ പാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തിയ നടപടി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ജൽ ജീവൻ മിഷൻ കുത്തിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആകുമെന്ന് ജല അഥോറിറ്റി വിഭാഗം അറിയിച്ചു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഡി. രഞ്ജിത്ത്, സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ടി.വി. ഗംഗാധരൻ, ബാബു ഒഞ്ചിയം, പി.പി. രാജൻ, പി.എം. മുസ്തഫ, വി.പി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.