വെങ്ങളം-രാമനാട്ടുകര ആറുവരിയാക്കല്‍; പ്രവൃത്തികള്‍ ഇനിയും നീളും
1458136
Tuesday, October 1, 2024 8:20 AM IST
കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ദേശീയപാത ആറുവരിയാക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും ഉദ്ദേശിച്ചസമയത്തിനകം പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്ക. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും പ്രവൃത്തികള്‍ ഇനിയും നീളാനാണ് സാധ്യത. നിലവില്‍ പ്രവൃത്തികള്‍ മിക്ക ദിവസങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഗതാഗതം വഴിതിരിച്ചുവിടലും ഗതാഗതകുരുക്കുമൊക്കെയായി ഉദ്ദേശിച്ച വേഗത്തിലല്ല പ്രവൃത്തികള്‍ നടക്കുന്നത്. ജില്ലയില്‍ 87 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
വെങ്ങളം-രാമനാട്ടുകര റീച്ചിലുള്ള പന്തീരാങ്കാവ്, അഴിഞ്ഞിലം, തൊണ്ടയാട്, രാമനാട്ടുകര, വെങ്ങളം, പൂളാടിക്കുന്ന് മേല്‍പ്പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയായി. ഏറ്റവും അവസാനം പൂര്‍ത്തിയായ പന്തീരാങ്കാവ് മേല്‍പാലത്തിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുനല്കിയിട്ടുണ്ട്. പാലാഴിയില്‍ മേല്പ്പാലപ്രവൃത്തിയുണ്ട് പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നുണ്ട്. ഇവിടെ മണ്ണിട്ട് നികത്തി വേണം റോഡ് നിര്‍മിക്കാന്‍.
മഴക്കാലത്ത് ഇവിടെ പ്രവൃത്തിയൊന്നും നടന്നിട്ടില്ല. പുറക്കാട്ടിരി, മാമ്പുഴ എന്നിങ്ങനെ രണ്ട് പാലങ്ങളുടെ നിര്‍മാണവും എതാണ്ട് പൂര്‍ത്തിയായി. അറപ്പുഴ പാലത്തിന്റെ വീതികൂട്ടല്‍ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോരപ്പുഴ പാലത്തിന്റെ ഗര്‍ഡറുകള്‍ തയ്യാറായി. ഇവ പിടിപ്പിക്കുന്നതിന്റെയും സ്ലാബുകളുടെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്.
ഇതോടൊപ്പം അപ്രോച്ച് റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാലം തുറന്നുകൊടുക്കും. വേങ്ങേരിയിലെ വെഹിക്കിള്‍ ഓവര്‍ പാസ് നിര്‍മാണം 90 ശതമാനം കഴിഞ്ഞു.
പൈപ്പിടല്‍ പ്രവൃത്തിയാണ് ബാക്കിയുള്ളത്. എന്നാലും ഓവര്‍പാസ് ഗതാഗതത്തിനായി ഭാഗികമായി തുറന്നുനല്കിയിട്ടുണ്ട്. കോഴിക്കോട്-ബാലുശേരി റൂട്ടിലെ വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. രണ്ടാഴ്ചക്കകം മലാപ്പറമ്പ് വെഹിക്കിള്‍ ഓവര്‍പാസ് നിര്‍മാണം ആരംഭിക്കും. മലാപറമ്പ് ജംഗ്ഷനില്‍ ജലവകുപ്പിന്റെ പൈപ്പുകളുണ്ട്. ഇവ കണ്ടെത്തി മാറ്റിയാല്‍ മാത്രമേ ഇവിടെ ജോലി ആരംഭിക്കാന്‍ സാധിക്കൂ. അതോടൊപ്പം റൂട്ടുകള്‍ വഴിതിരിച്ചുവിടേണ്ടിയും വരും. ജില്ലയില്‍ 71.3 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്. അഴിയൂര്‍ - വെങ്ങളം റീച്ചില്‍ വടകരയില്‍ മേല്‍പാലത്തിന്റെ തൂണുകളുടെ ഫൗണ്ടേഷന് പ്രവൃത്തി പുരോഗമിക്കുകയാണ്.
സ്വന്തം ലേഖകന്‍