വിവാഹപൂർവ കൗൺസിലിംഗ് സംവിധാനം അനിവാര്യമെന്ന് വനിത കമ്മീഷൻ
1454617
Friday, September 20, 2024 4:29 AM IST
കോഴിക്കോട്: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും വിവാഹപൂർവ കൗൺസിലിംഗ് സംവിധാനം അനിവാര്യമെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വ്യാഴാഴ്ച കോഴിക്കോട് നടന്ന ജില്ലാതല വനിത കമ്മിഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
കമ്മീഷന്റെ മുമ്പാകെ എത്തുന്ന ഗാർഹിക പ്രശ്നങ്ങളെ ചൊല്ലിയുള്ള പരാതികൾ സൂചിപ്പിക്കുന്നത് ഭാര്യക്കും ഭർത്താവിനും വിവാഹപൂർവ കൗൺസിലിംഗ് അനിവാര്യമാണെന്നാണ്. പരാതികളിൽ കൂടുതലും ഭാര്യ-ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സൗഹാർദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുന്നില്ല. ഇതിന് ഒരു പരിധിവരെ വിവാഹപൂർവ കൗൺസിലിംഗ് പരിഹാരമാകും. ഇക്കാര്യം
വ്യക്തമാക്കി സർക്കാറിലേക്ക് കമ്മീഷൻ ശിപാർശ നൽകിയിട്ടുണ്ട്.
കുടുംബത്തെക്കുറിച്ചും ദാമ്പത്യബന്ധത്തെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെയാണ് വരനും വധുവും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹം രജിസ്റ്റർ ചെയ്യുന്ന വേളയിൽ വിവാഹപൂർവ കൗൺസിലിംഗ് കൂടി നടത്തിയിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യവും സർക്കാർ മുമ്പാകെ കമ്മീഷൻ നിർദേശമായി സമർപ്പിച്ചിട്ടുണ്ട്.
സിറ്റിംഗിൽ 56 കേസുകൾ പരിഗണിച്ചതിൽ മൂന്നെണ്ണം തീർപ്പാക്കി. രണ്ടെണ്ണത്തിൽ പോലീസ് റിപ്പോർട്ട് തേടി. 51 എണ്ണം അടുത്ത സീറ്റിലേക്ക് മാറ്റി. കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വക്കറ്റുമാരായ ലിസി, റീന, കൗൺസിലർമാരായ സുമിഷ, സുധിന, അവിന, സബിന തുടങ്ങിയവർ പങ്കെടുത്തു.