കാട്ടാന നശിപ്പിച്ച കൃഷിയിടം ജനപ്രതിനിധികൾ സന്ദർശിച്ചു
1454614
Friday, September 20, 2024 4:29 AM IST
തിരുവമ്പാടി: മേലെ പൊന്നാങ്കയത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ച സ്ഥലം ജനപ്രതിനിധി സംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് കർഷകരായ നാരായണൻ പേണ്ടാനത്തിന്റെയും ജെയ്സൻ മണി കൊമ്പേലിന്റെയും കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചത്.
ചർച്ചയിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള ശ്രമം ഉണ്ടാകുമെന്നും ഫെൻസിംഗ് അടക്കമുള്ള പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ശ്രമം നടത്തുമെന്നും സംഘം കർഷകരെ അറിയിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, പഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, ഷൈനി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.