മാളിക്കടവിലും തടമ്പാട്ടുതാഴത്തും അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു
1454613
Friday, September 20, 2024 4:29 AM IST
കോഴിക്കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മാളിക്കടവിലും തടമ്പാട്ടുതാഴത്തും അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു. തടമ്പാട്ടുതാഴം-കണ്ണാടിക്കല്‍ റോഡില്‍ ദേശീയപാതയ്ക്ക് കുറുകെയുള്ള അടിപ്പാതയുടെ നീളം കൂട്ടലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സമീപത്തെ അടിപ്പാത കഴിഞ്ഞ ദിവസം മുതല്‍ അടച്ചിരുന്നു. 15 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
മാളിക്കടവ് ജംഗ്നിലെ ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണമാണ് തുടങ്ങിയത്. അതേസമയം വേദവ്യാസ സ്കൂളിന് സമീപം ഫ്ളോറിക്കന്‍ റോഡിലെ അടിപ്പാത പൂര്‍ത്തിയായി. 22-ന് തുറന്നുകൊടുക്കും. നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായി ഇരുസ്ഥലത്തും ഗതാഗത പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തി. തടമ്പാട്ടുതാഴത്ത് അടിപ്പാത വീതികൂട്ടല്‍ പൂര്‍ത്തിയായാല്‍ മലാപ്പറമ്പ് മുതല്‍ മാളിക്കടവ് വരെ ദേശീയപാത നാലുകിലോമീറ്റര്‍ ആറുവരിയായി തുറന്നേക്കും.
മാളിക്കടവില്‍ ബൈപാസിലെ ഗതാഗതം നിയന്ത്രിച്ചാണ് ഇരട്ട അടിപ്പാതാ പ്രവൃത്തി നടത്തുന്നത്. ഒന്നിന്റെ പണി നേരത്തെ കഴിഞ്ഞതാണ്. ഇതിലെ മൂന്നുമാസത്തേക്ക് ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ മാളിക്കടവ്-വേങ്ങേരിവരെ ദേശീയപാതയുടെ സര്‍വീസ് റോഡുകളില്‍ വണ്‍വേ ഗതാഗതമാണ് അനുവദിക്കുക. മാളിക്കടവില്‍ നിലവില്‍ കരുവിശേരി റോഡില്‍ ഒരു അടിപ്പാതയുണ്ട്. തൊട്ടടുത്താണ് ഇരട്ട അടിപ്പാത വരുന്നത്.
നിര്‍മാണം കഴിയുന്നതോടെ മലാപ്പറമ്പിനും മാളിക്കടവിനുമിടയിലെ മൂന്നര കിലോമീറ്ററിനുള്ളിലായി ആറ് അടിപ്പാതകളാണ് ഉണ്ടാവുക.