ഇഎസ്എ കരട് വിജ്ഞാപനം: കൂരാച്ചുണ്ടിൽ സർവകക്ഷി യോഗം ചേർന്നു
1454333
Thursday, September 19, 2024 4:16 AM IST
കൂരാച്ചുണ്ട്: പരിസ്ഥിതി ലോല മേഖലകളെ നിർണയിക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപന പ്രകാരമുള്ള മാപ്പിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടതായി കാണുന്ന സാഹചര്യത്തിൽ ആശങ്കയൊഴിയാതെ മലയോര മേഖലകൾ.
ഈ വിഷയത്തിൽ ചർച്ച ചെയ്യുന്നതിനായി ഇന്നലെ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് പഞ്ചായത്ത് ഫീൽഡ് പരിശോധന നടത്തി നൽകിയ മാപ്പ് പൂർണമായി അംഗീകരിച്ച് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇഎസ്എ മേഖലയെ ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ പ്രത്യേകം തിരിച്ച് സർക്കാർ വിജ്ഞാപനം ഇറക്കണമെന്നും ഇഎസ്എ വിഷയത്തിൽ ജനങ്ങൾ നേരിടുന്ന ആശങ്ക സംബന്ധിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ മുഖേന പരാതികൾ അയക്കുന്നതിനും യോഗം തീരുമാനിച്ചു.
ഇതിനായി കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ പരാതികൾ അയക്കുന്നതിനുള്ള പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകൾ കൂരാച്ചുണ്ട് ടൗൺ, കല്ലാനോട്, കക്കയം, കരിയാത്തുംപാറ, ചാലിടം, വട്ടച്ചിറ, പൂവത്തുംചോല, എരപ്പാൻതോട്, കേളോത്തുവയൽ എന്നിവിടങ്ങളിൽ ആരംഭിക്കും.
പരാതികൾ [email protected] എന്ന മെയിൽ ഐഡിയിൽ നൽകാം. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരെ കാണും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, ഡാർലി ഏബ്രഹാം,
പഞ്ചായത്ത് അംഗങ്ങളായ വിൻസി തോമസ്, അരുൺ ജോസ്, എൻ.ജെ. ആൻസമ്മ, സിമി ഷിജോ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ താന്നിക്കൽ, ജോസ് ചെറിയൻ, വി.എസ്. ഹമീദ്, എ.കെ. പ്രേമൻ, ബേബി പൂവത്തിങ്കൽ, ഗോപി ആലക്കൽ, സണ്ണി പാരഡൈസ് എന്നിവർ പ്രസംഗിച്ചു.