വയനാട് ദുരന്തം: സര്‍ക്കാര്‍ എസ്റ്റിമേറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍
1453850
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെ വിമര്‍ശനവുമായി മുസ്ലിം ലീഗും ബിജെപിയും.ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി ചെലവായെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്കിയാലും ഈ കണക്ക് ശരിയാവില്ല.
ക്യാമ്പുകളില്‍ ഭക്ഷണത്തിന് എട്ട് കോടിയാണെന്നും സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചോദിച്ചു. വളണ്ടിയര്‍മാര്‍ക്ക് റെയിന്‍ കോട്ടും കുടയും വാങ്ങിയതിന് സര്‍ക്കാര്‍ ഇട്ട് മൂന്ന് കോടി തികച്ചും സൗജന്യമായി ലഭിച്ചതാണെന്ന് മാത്രമല്ല, ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അവിടെ സുലഭമാണെന്നും ഇവയുടെ ശേഖരണം നിര്‍ത്തി വെച്ചതായും അറിയിച്ച് കൊണ്ടുളള പോസ്റ്റ് ഇപ്പോഴും വയനാട് കളക്ടറുടെ സാമൂഹ്യ മാധ്യമ വാളില്‍ കിടപ്പുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തില്‍ കണ്ടെടുത്ത മുഴുവന്‍ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരാണെന്നും അതിനൊന്നും ഒരു നയാ പൈസ പോലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തി. ദുരന്തമുഖത്തെത്തിയ സഹായങ്ങള്‍ സര്‍ക്കാര്‍ അഴിമതിക്കുള്ള ലൈസന്സാക്കിമാറ്റിയന്നൊണ് സുരേന്ദ്രന് പ്രതികരിച്ചത്. ഒരു രൂപപോലും വാങ്ങിക്കാതെയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വയനാട്ടില്‍ സംസ്കാരചടങ്ങളുകളില് പങ്കാളികളായതെന്നുംസുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകന്‍