തെരഞ്ഞെടുപ്പില്‍ എം.കെ. രാഘവനെതിരേ പ്രവര്‍ത്തിച്ചു; അച്ചടക്ക നടപടിയുമായി ഡിസിസി
1453849
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ച് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍മാർക്കെതിരെ അച്ചടക്ക് നടപടിയുമായി ഡിസിസി.
ബാങ്ക് ഡയറക്ടർമാരായപുഷ്പരാജന് കെ.പി, സുഭാഷ്ചന്ദ്രന് പി.കെ, തോട്ടത്തില്‍ മോഹന്‍ദാസ്, പി. സദാനന്ദന് , രാജി.ടി, പ്രമീള ബാലഗോപാല്‍, സ്വര്‍ണലത എന്നിവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.എൽഡിഎഫ് സ്ഥാനാര്‍ഥിയുമായി തെരഞ്ഞെടുപ്പ് വേളയില്‍ ഇവർ രഹസ്യമായി യോഗം ചേർന്നെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അറിയിച്ചു.
പാര്‍ട്ടിയില്‍നിന്നും പുറത്താക്കാതിരിക്കുവാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.