ലഹരിമാഫിയയുടെ അക്രമം
1453848
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം തടയാൻ ശ്രമിച്ച യുവാവിന് കുത്തേറ്റു. നരിക്കുനി പാറന്നൂർ സ്വദേശി തെക്കെ ചെനങ്ങര ടി.സി. ഷംവീലിനാണ് കുത്തേറ്റത്. മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് കുത്തേറ്റ ഷംവീലിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പാറന്നൂർ മാമ്പറ്റമ്മൽ ജാസിഫ് ആണ് ഷംവീലിനെ കുത്തിയത്.ഞായറാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം. ബസ് ഡ്രൈവറായ ഷംവീൽ നരിക്കുനി കുമാരസാമി റോഡിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് വരികയായിരുന്നു. ഇതിനിടെ ജാസിഫ് ഉൾപ്പെട്ട സംഘം ലഹരിയിൽ നിയന്ത്രണമില്ലാതെ ഓടിച്ചുവന്ന കാർ മറ്റു വാഹനങ്ങളെ ഇടിച്ച ശേഷം നിർത്താതെ പോയി. തുടർന്ന് കാറിലുണ്ടായിരുന്നവരുമായി സംഘർഷമുണ്ടാകുകയും തടയാൻ ശ്രമിച്ച ഷംവീലിനെ ജാസിഫ് കുത്തുകയുമായിരുന്നു.
ജാസിഫിനെതിരേ നേരെത്തെയും സമാന കേസുണ്ടായിരുന്നെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവരെ തിരിച്ചറിയാനായിട്ടില്ല. ഇവർ ലഹരിമരുന്ന് വിതരണ സംഘത്തിലെ കരിയർമാരാണെന്നാണ് സൂചന. പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഇവർ ഓടിച്ചിരുന്ന കാർ പിന്നീട് കാക്കൂർ പോലീസ്കസ്റ്റഡിയിലെടുത്തു.