റോഡിലെ കോൺക്രീറ്റ് പാളിയിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ചു; യുവാവ് മരിച്ചു
1453637
Monday, September 16, 2024 10:47 PM IST
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകാര ബംഗ്ലാവ് കോളനി സ്വദേശി അഖിൽ (20) ആണ് മരിച്ചത്. പെരുമണ്ണ പൂത്തൂർ മഠത്തിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി 11 നായിരുന്നു അപകടം.
അഖിൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അഖിൽ ഇന്നലെ വൈകിട്ടോടെയാണ് മരണപ്പെടുന്നത്. പെരുമണ്ണ ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാവ്.
അപകടം നടന്ന സ്ഥലത്തെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിൽ കുഴിയെടുത്തിരുന്നു. ഈ കുഴിയടച്ച ഭാഗത്ത് ഉയർന്ന് കിടന്ന കോൺക്രീറ്റ് പാളിയിൽ തട്ടിയാണ് ബൈക്ക് നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകട സമയത്ത് ഇതുവഴി വന്ന മറ്റ് യാത്രക്കാരും പരിസരവാസികളും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.