അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണു മരിച്ചു
1453633
Monday, September 16, 2024 10:47 PM IST
പേരാന്പ്ര: പേരാന്പ്ര അഞ്ചാം പീടികയിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണു മരിച്ചു. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടികൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീടിനു തൊട്ടടുത്ത കിണറ്റിൽ വീണത്.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാന്പ്ര അഗ്നിരക്ഷാസേനയും ഇരുവരെയും പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നുവെന്നു സംശയിക്കുന്നു. വിവാഹശേഷം ഏറെ വർഷങ്ങൾക്കു ശേഷമാണ് കുഞ്ഞു പിറന്നത്. പ്രസവശേഷം ഭർതൃ വീട്ടിലേക്കു പോകാനൊരുങ്ങവെയാണ് സംഭവം. കുഞ്ഞിനെ നാട്ടുകാരും ഗ്രീഷ്മയെ പേരാന്പ്രയിൽ നിന്നെത്തിയ അനിരക്ഷാസേനയുമാണ് പുറത്തെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ അഞ്ചാം പീടികയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: ഗിരിജ. ഭർത്താവ്: ബിനീഷ്. സഹോദരി: ആതിര.