ഓണത്തിന്റെയും ഓണേശ്വരന്റെയും ചരിത്രം തേടി വിദ്യാർഥികൾ
1453469
Sunday, September 15, 2024 4:48 AM IST
നാദാപുരം: ഓണത്തിന്റെയും, ഓണേശ്വരന്റെയും ചരിത്രം തേടി നാദാപുരം സിസിയുപി സ്കൂൾ വിദ്യാർഥികൾ. ഓണേശ്വരന്റെ നാട് എന്നറിയപ്പെടുന്ന കക്കട്ട് നിട്ടുരിലെത്തിയാണ് പരമ്പരാഗതമായി ഓണപ്പൊട്ടൻ വേഷം കെട്ടുന്ന പ്രാദേശിക കലാകാരനും അധ്യാപകനുമായ അഖിലേഷുമായി വിദ്യാർഥികൾ സംവദിച്ചത്. ഓണപ്പൊട്ടന്റെ വേഷവും, ചമയവും വൃതാനുഷ്ഠാനങ്ങളെയും കുറിച്ച് അഖിലേഷ് വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി.
ഏഴാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് പ്രാദേശിക കലാകാരനുമായി അഭിമുഖം നടത്താനുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഓണപ്പൊട്ടന്റെ ദേശം എന്നറിയപ്പെടുന്ന നിട്ടൂരിലെ അഖിലേഷുമായി കുട്ടികൾ സംവദിച്ചത്. ഇതിനോടൊപ്പം തന്നെ കുട്ടികൾ പന്തീരടിമനയും സന്ദർശിച്ചു.
അണുകുടുംബങ്ങളിൽ വളർന്നു വരുന്ന കുട്ടികൾക്ക് 62 മുറികളുള്ള മനയും ചാണകം മെഴുകിയ നിലവും അവരുടെ സങ്കല്പങ്ങൾക്കും അപ്പുറമായിരുന്നു. സ്കൂളിലെ വിദ്യാരംഗം സാഹിത്യ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് അധ്യാപികമാരായ ശ്രീജ, സുനിത, ബീന എന്നിവർ നേതൃത്വം നൽകി.