ഓമശേരിയിൽ 121 അതിദരിദ്ര കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
1453247
Saturday, September 14, 2024 4:43 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് പഞ്ചായത്ത് ഓണക്കിറ്റുകൾ വിതരണം ചെയ്തു. 600 രുപയുടെ 121 കിറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 72,600 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
അരി, പഞ്ചസാര, വെളിച്ചണ്ണ, ചെറുപയർ, കടല, പായസം മിക്സ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിലെത്തിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി. അബ്ദുൾ നാസർ, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു, കെ.പി. രജിത, സി.എ. ആയിഷ തുടങ്ങിയവർ പ്രസംഗിച്ചു.