ഇന്‍ഷ്വറന്‍സില്ലാത്ത ബസിടിച്ച് പരിക്കേറ്റു : എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി നല്‍കണമെന്ന് കോടതി
1453238
Saturday, September 14, 2024 4:23 AM IST
കോഴിക്കോട്: ഇന്‍ഷ്വറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ സ്കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി നല്‍കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്.
2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിന് ആസ്പദമായ അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എല്‍ 15 എ 410 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് പരാതിക്കാരനായ പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ മൊയ്തീന് കോയയുടെ മകന് പി.പി. റാഹിദ് മൊയ്തീന് അലി (27) സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബസ് ഡ്രൈവര്‍ കോഴിക്കോട് പാഴൂര്‍ പരതക്കാട്ടുപുറായില്‍ വീട്ടില്‍ എം.പി. ശ്രീനിവാസന് (46), കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍, നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവരെ യഥാക്രമം ഒന്നും,രണ്ടും,മൂന്നും എതിര് കക്ഷികളാക്കിയാണ് പരുക്കേറ്റ റാഹിദ് മൊയ്തീന് അലി കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രിബൂണലില്‍ കേസ് ഫയല്‍ ചെയ്തത്.
അപകടം നടന്ന ദിവസം കെഎസ്ആര്‍ടിസി ബസിന് ഇന്‍ഷ്വറന്‍സ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പലിശ അടക്കം 8,44007 രൂപ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറും, കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രിബൂണല്‍ ജഡ്ജ് കെ. രാജേഷ് ഉത്തരവിട്ടത്. പരുക്കേറ്റ റാഹിദിന് വേണ്ടി അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസ് ഹാജരായി.