ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സാ പിഴവ് : ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും
1453237
Saturday, September 14, 2024 4:23 AM IST
കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളജായ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സാ പിഴവിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞും പിന്നീട് അമ്മയും മരിച്ചു.
കോഴിക്കോട് എകരൂല്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മ ഇന്നലെ വൈകിട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോള്‍ വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന് നടത്തണമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ ആയപ്പോള്‍ അശ്വതിയെ ഓപറേഷന് തിയറ്ററിലേക്ക് കൊണ്ടുപോകുന്നതു കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭപത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. അമ്മയും കുഞ്ഞും മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.