മുഖ്യമന്ത്രിയുടെ ഭീഷണിക്കു മുന്നിൽ ഘടക കക്ഷികൾ നിലപാട് അടിയറവച്ചു: എൻ. വേണു
1452704
Thursday, September 12, 2024 4:37 AM IST
കോഴിക്കോട്: എംഎൽഎ പി.വി. അൻവർ കുറച്ച് ദിവസങ്ങളായി ഉയർത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ വിളിച്ചു ചേർത്ത എൽഡിഫ് യോഗത്തിൽ വിഷയം അജണ്ടയിൽ പോലും വെക്കാൻ തയാറാകാതെ മുഖ്യമന്ത്രിയുടെ ഭീഷണിക്കുമുന്നിൽ ഘടകകക്ഷികളുടെ നിലപാട് അടിയറവെച്ചെന്നും ഇത് ഇടതുപക്ഷമുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണമാണ് വ്യക്തമാക്കുന്നതെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഉയർന്നുവന്ന ആരോപണങ്ങളും ചേർത്ത് വായിക്കുമ്പോൾ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഇവരെ സംരക്ഷിക്കാതെ മുന്നോട്ടു പോകാൻ കഴിയ്യില്ല എന്നതാണ് എൽഡിഎഫ് യോഗ തീരുമാനം സൂചിപ്പിക്കുന്നത്. പോലീസിന്റെ ആർ എസ്എസ് ബന്ധം സംബന്ധിച്ച് നിരവധി വസ്തുതാപരമായ വിമർശനങ്ങൾ ഇതിനകം ഉയർന്ന് വന്നതാണ്.
മുൻ ഡിജിപി ലോക്നാഥ് ബഹറ മുതൽ നിരവധി ഐപിഎസ് ഉദ്യോഗസ്ഥരെ ആർഎസ് എസുമായുള്ള ബന്ധം സ്ഥാപിക്കാൻ മുഖ്യമന്ത്രി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും എൽഡിഎഫിലെ ഘടകക്ഷി നേതൃത്വത്തിന് വ്യക്തത കുറവുള്ള കാര്യമല്ല. സിപിഎമ്മിനൊപ്പം ഘടകകക്ഷികളുടെ രാഷ്ട്രീയ ആശയങ്ങളും തകർന്നടിയുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
പോലീസിലെ ഒരു വിഭാഗവും ഭരണരാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതരും മാഫിയകളും ചേർന്ന അച്ചുതണ്ടാണ് ആഭ്യന്തരവകുപ്പിനെ നയിക്കുന്നതന്നും എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.