പാചക വാതകം ചോർന്ന് വീട് നിറഞ്ഞു; പേരാന്പ്ര അഗ്നിരക്ഷാസേന രക്ഷകരായി
1452157
Tuesday, September 10, 2024 4:41 AM IST
പേരാന്പ്ര: രാത്രിയിൽ ഗ്യാസ് ചോർന്ന് വീടാകെ നിറഞ്ഞു. വീട്ടുകാർ അറിഞ്ഞത് കാലത്ത്. പേരാന്പ്ര അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം. കൊടേരിച്ചാൽ പനക്കാട് പടിഞ്ഞാറേ മൊട്ടമ്മൽ രാമദാസിന്റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റർ ഓഫാക്കാത്തതിനെ തുടർന്ന് പൈപ്പ് ജോയിന്റിലൂടെ ഗ്യാസ് ചോർന്ന് വീട്ടിലെ മുറികളിൽ നിറഞ്ഞത്.
രാവിലെ അഞ്ചു മണിയോടെ രാമദാസ് ഉണർന്നപ്പോഴാണ് വിവരം അറിഞ്ഞത്. വിവരം പേരാന്പ്ര നിലയത്തിൽ അറിയിച്ചയുടൻ വൈദ്യുത സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതെ മുൻവശത്തെ വാതിൽ ശ്രദ്ധയോടെ തുറന്ന് കുടുംബാംഗങ്ങളെ വീട്ടിൽ നിന്നും പുറത്തെത്തിക്കാൻ നിർദേശം നൽകി. തുടർന്ന് അസി.സ്റ്റേഷൻ ഓഫീസർ പി. സി. പ്രേമന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം വീട്ടിലെത്തി.
വെള്ളം സ്പ്രേ ചെയ്ത് മുറികളിലെ ഗ്യാസ് നിർവീര്യമാക്കിയശേഷം അടുക്കളയിൽ പ്രവേശിച്ച് സിലിണ്ടർ വീടിനു വെളിയിലേക്ക് മാറ്റി. തുടർന്നു വീടിന്റെ ജനലുകളും വാതിലുകളും തുറന്ന് വായു സഞ്ചാരം സുഗമമാക്കി. ഫയർ ഓഫീസർമാരായ പി.ആർ. സോജു, പി.സി. ധീരജ്ലാൽ, എം. പി. ആരാധ് കുമാർ, ഹോംഗാർഡ് കെ.പി. ബാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.