ഇഎസ്എയിൽ വീണ്ടും ജനവാസ മേഖലകൾ: ശക്തമായ പ്രതിഷേധവുമായി കിഫ നേതാക്കൾ
1452146
Tuesday, September 10, 2024 4:37 AM IST
ചക്കിട്ടപ്പാറ: കേരളത്തിലെ പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കാനുള്ള ആറാമത് കരട് വിജ്ഞാപനത്തിലും ജനവാസ മേഖല ഉൾപ്പെട്ടതായി കർഷക സംഘടനയായ കിഫ ചൂണ്ടിക്കാട്ടി. ജൂലൈ 31നു പുറപ്പെടുവിച്ച ആറാമത് കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാൻ 60 ദിവസത്തെ സമയം കൊടുത്തിട്ടുണ്ട്.
പരാതി കൊടുക്കേണ്ട സമയപരിധി ഈ മാസം 30നു അവസാനിക്കുകയും ചെയ്യും. സാധാരണക്കാരായ ജനവിഭാഗത്തിന് അപ്രാപ്യമായ രീതിയിലാണ് ഇഎസ്എ മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ വരുന്ന ചക്കിട്ടപ്പാറ വില്ലേജിലെ ഇഎസ്എ മാപ്പ് പരിശോധിച്ചപ്പോൾ പെരുവണ്ണാമുഴി ഫാത്തിമ മാതാ സ്കൂൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകൾ അതിൽ ഉൾപ്പെട്ടതായാണ് മനസിലാകുന്നതെന്ന് കിഫ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇതേ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മാപ്പ് പഞ്ചായത്തുകൾ തിരുത്തിക്കൊണ്ട് സംസ്ഥാന സർക്കാരിനു നൽകിയിരുന്നുവെങ്കിലും വീണ്ടും ഇതേ പ്രദേശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനമാണ് വന്നിരിക്കുന്നത്.
ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിനു പകരം കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സൈറ്റിലാണ് മാപ്പ് ഉള്ളത്. രണ്ടു മാപ്പുകളാണ് അതിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്ന് ഇഎസ്എയുടെ പരിധി വ്യക്തമാക്കുന്ന മാപ്പും മറ്റൊന്ന് വില്ലേജ് അതിർത്തി വ്യക്തമാക്കുന്നതും. ഇതിൽ ഏതാണ് പരിസ്ഥിതിലോല മേഖലയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടില്ല. ഇതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനം.
എത്രയും വേഗത്തിൽ ജനവാസ മേഖലയെ പരിപൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ തിരുത്തലുകൾ വരുത്തുകയും അതു ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്ന് കിഫ നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ പ്രസിദ്ധപ്പെടുത്തിയ മാപ്പിന്റെയും സാങ്കേതിക സഹായത്തോടെയും സ്ഥല പരിശോധന നടത്തിയപ്പോൾ, പ്രസ്തുത പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടതായിട്ടാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് കിഫ ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി, ബെന്നി എടത്തിൽ, സിബി എട്ടിയിൽ, രാജേഷ് ചുവപ്പുങ്കൽ, വിനീത് പരുത്തിപ്പാറ, നിർമ്മല കാലായിൽ തുടങ്ങിയവർ മാപ്പിന്റെ സഹായത്തോടെ സ്ഥല പരിശോധന നടത്തുകയും ചെയ്തു.