അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ നാരായണൻ നായർക്ക് സ്വർണം
1451963
Monday, September 9, 2024 7:57 AM IST
കൊയിലാണ്ടി: നേപ്പാളിലും താരമായി നാരായണൻ നായർ. നേപ്പാളിലെ പൊക്കാറയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ 200 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീസ്റ്റൈൽ മൽസരങ്ങളിൽ കൊയിലാണ്ടി പന്തലായിനി ശ്രീരഞ്ജിനിയിൽ കെ. നാരായണൻ നായരാണ് സ്വർണ മെഡൽ നേടിയത്.
എസ്ബികഐഫ് അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ 70 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് നാരായണൻ നായർ മിന്നുംപ്രകടനം കാഴ്ചവച്ചത്. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെള്ളിയും നേടിയിരുന്നു. കുട്ടിക്കാലം മുതലേ നീന്തിത്തുടങ്ങിയ നാരായണൻ നായർ അടുത്ത കാലത്താണ് സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. പന്തലായിനിയിലെ അഘോര ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു നീന്തലിന്റെ തുടക്കം.
നാരായണൻ നായർ ഏറ്റവും കൂടുതൽ ദൂരം കുറഞ്ഞ സമയം കൊണ്ട് നീന്തിക്കയറിയത് പെരിയാറിലാണ്. ഈ വർഷം ഏപ്രിലിൽ പെരിയാറിൽ രണ്ടു കിലോമീറ്റർ ദൂരം നീന്തിയത് ഒരു മണിക്കൂറും ഇരുപതു മിനിറ്റും 39 സെക്കന്റും കൊണ്ടായിരുന്നു. രണ്ടു മണിക്കൂർ ആയിരുന്നു സമയ പരിധി. മുംബൈയിൽ കടലിൽ ആറു കിലോമീറ്റർ നീന്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നാരായണൻ നായർ പറഞ്ഞു. മലബാർ റിവൽ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവന്പാടിയിൽ നടന്ന സംസ്ഥാനതല മത്സരത്തിലും ഇദേഹം മെഡൽ നേടിയിരുന്നു. നിരവധി വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് ഈ നീന്തൽ താരം.