പോലീസിന്റെ വീഴ്ചകൾ ക്രൈംബ്രാഞ്ചിനെ അറിയിക്കുമെന്നു മാമിയുടെ കുടുംബം
1451959
Monday, September 9, 2024 7:57 AM IST
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധനക്കേസിൽ പോലീസിനുണ്ടായ വീഴ്ചകളും, തിരോധാനവുമായി ബന്ധപ്പെട്ടു തങ്ങൾക്കുള്ള സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കുമെന്ന് കുടുംബം. പുതിയ അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഇനി എന്തു നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മാമിയുടെ മകൾ അദീബ പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കം മുതൽ പോലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബത്തിന്റെ പരാതി. അന്വേഷണ വിവരങ്ങളൊന്നും കുടുംബത്തിനോടു പറഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തന്നില്ലെന്നും അദീബ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാമിയുടെ ഭാര്യ റുക്സാന നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം ഒന്നിനാണ് പരിഗണിക്കുക. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തിലാണ് കുടുംബം ഇനി തീരുമാനമെടുക്കേണ്ടത്.