അളവ് തൂക്ക ക്രമക്കേട്: പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
1451557
Sunday, September 8, 2024 4:51 AM IST
കോഴിക്കോട്: ഓണ വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിന് പരിശോധനകൾ വർധിപ്പിച്ച് ജില്ലയില്‍ ലീഗൽ മെട്രോളജി വകുപ്പ്. ഈ മാസം അഞ്ചിന് ആരംഭിച്ച പരിശോധന ഉത്രാട ദിനമായ 14 വരെ തുടരും.
അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വില്പന എന്നിവ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കൺട്രോളർമാരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്സ്റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന ഊർജിതപ്പെടുത്തും. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിച്ചു ബോധ്യപ്പെടാം.
പാചകവാതക വിതരണ വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. പരിശോധന വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായും അറിയിച്ചു.