കക്കയത്തെ ഫെൻസിംഗ് സ്ഥാപിക്കൽ: നിസംഗതയിൽ പ്രതിഷേധം
1451342
Saturday, September 7, 2024 4:41 AM IST
കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ അതിദാരുണമായി മരണപ്പെട്ടപ്പോൾ വനം വകുപ്പും ജില്ലാ ഭരണകൂടവും വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് നൽകിയ ഉറപ്പ് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കാത്തതിൽ കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ഡാം സൈറ്റ് റോഡിലെ ജനവാസ മേഖലകളിൽ ഇപ്പോഴും നിരന്തരം കാട്ടുപോത്തുകളുടെ സാന്നിധ്യം കാണുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും വനംവകുപ്പും ഉടനടി പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജോൺസൺ കക്കയം, പയസ് വെട്ടിക്കാട്ട്, വിൻസി തോമസ്, സജി ചേലാപറമ്പത്ത്, കെ.സി. മൊയ്തീൻ, ബേബി തേക്കാനം, ആൻഡ്രൂസ് കട്ടിക്കാന, രാജു കിഴക്കേക്കര, ഷാജി ഒറ്റപ്ലാക്കൽ, ബിജു മാണി, ജോസ് കോട്ടക്കുന്ന് എന്നിവർ പ്രസംഗിച്ചു.