ഹിയറിംഗിന് വിളിച്ച് കബളിപ്പിച്ചതായി പരാതി; മുക്കം സർവീസ് സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥരെ തടഞ്ഞു
1451333
Saturday, September 7, 2024 4:41 AM IST
മുക്കം: മുക്കം സർവീസ് സഹകരണ ബാങ്കിൽ നിന്നും എ ക്ലാസ് മെമ്പർമാരുടെ വോട്ടുകൾ തള്ളിയതുമായി ബന്ധപ്പെട്ട പരാതിയുടെ ഹിയറിംഗിനിടെ വോട്ടർമാർ ഉദ്യോഗസ്ഥരെ തടഞ്ഞു.
ബാങ്കിൽ ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കിയ പ്രാഥമിക വോട്ടർ പട്ടികയിൽ നിന്നും മൂവായിരത്തിലധികം എ ക്ലാസ് മെമ്പർഷിപ്പ് തള്ളിയിരുന്നു.
ഇതേതുടർന്ന് മെമ്പർഷിപ്പ് നഷ്ടപെട്ട 1300 ഓളം ആളുകൾ പരാതിനൽകുകയും ചെയ്തിതിരുന്നു. ഈ പരാതികൾ പരിശോധിക്കാൻ എത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ രജിത, യൂണിറ്റ് ഇൻസ്പെക്റ്റർ സബീഷ് എന്നിവരെയാണ് തടഞ്ഞത്.
വെള്ളിയാഴ്ച പകൽ 11 ന് മുൻ ഡയറക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഹിയറിംഗ് ആരംഭിച്ചിരുന്നു. എന്നാൽ, വോട്ട് തള്ളിയ സ്ത്രീകൾ പ്രായം ചെന്നവർ ഉൾപ്പടെ നിരവധി പേർ ഹിയറിംഗിനായി ബാങ്കിൽ എത്തിയിരുന്നങ്കിലും ഏറെ സമയമായിട്ടും ഇവരെ ഹിയറിംഗിന് വിളിക്കാതായതോടെ ഇവർ ഹിയറിംഗ് നടക്കുന്ന ഹാളിലേക്ക് കയറി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
യാതൊരു മുന്നറിയിപ്പും നൽകാതെ തള്ളിയ വോട്ട് പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് മുക്കം ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ബാങ്ക് മുൻ ഡയറക്ടർ ഒ.കെ. ബൈജുവിന്റെ മൊഴിയെടുക്കാനും മറ്റുള്ളവർക്ക് വോട്ടു തള്ളിയ കാരണം എന്താണന്ന് ശനിയാഴ്ച രാവിലെ തന്നെ ബോധ്യപ്പെടുത്താമെന്നുമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് ആളുകൾ തിരിച്ചു പോയത്.
മുക്കം ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഒ.കെ. ബൈജു പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ ന്നടപടികൾക്കെതിരേ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുഡിഎഫും.