ഉരുൾപൊട്ടൽ ഭീഷണി : അഞ്ച് കോടി ചെലവില്‍ വിലങ്ങാട് സൈക്ലോൺ ഷെൽട്ടർ നിർമിക്കും
1451330
Saturday, September 7, 2024 4:31 AM IST
നാദാപുരം: വിലങ്ങാട് മലയോരമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി ഉൾപെടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരിതബാധിതരെ അടിയന്തിമായി മാറ്റിപാർപ്പിക്കാൻ അഞ്ച് കോടി ചെലവിൽ സൈക്ലോൺ ഷെൽട്ടർ നിർമിക്കാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സന്നദ്ധത അറിയിച്ചു. ഇതിന് പിന്നാലെ ഷെൽട്ടർ യാഥാർത്ഥ്യമാക്കാനായി പ്രഥമിക ചർച്ചകളും തുടങ്ങി.
ഷെൽട്ടർ സ്ഥാപിക്കാൻ ഭൂമി കണ്ടെത്തി നല്‍കണം. താത്കാലിമായി 50 സെന്റ് ഭൂമിയെങ്കിലും ഏറ്റെടുത്ത് സർക്കാരിന് കൈമാറിയാലേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. വിലങ്ങാട് മേഖലയിൽ ആദിവാസി ഉന്നതികൾ ഉൾപെടെ 3,13 വീടുകൾ ഉൾപൊട്ടൽ ഭീഷണി നേരിടുന്നതായും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നും ജില്ലാ കളക്ടര്‍ നിയോഗിച്ച പഠനസംഘം പ്രഥമിക റിപ്പോർട്ട് നല്‍കിയിരുന്നു. വിലങ്ങാട്ടെ മുഴുവൻ കുടുംബങ്ങളെയും മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കുന്നതിനോട് പലരും വിയോജിപ്പ് പ്രകടപ്പിച്ചിട്ടുണ്ട്.
മഴക്കാലത്തും ദുരന്തമുന്നറിയിപ്പ് സമയങ്ങളിലും താത്കാലിമായി മാറി താമസിക്കാൻ ഷെൽട്ടർ ഒരുക്കിയാൽ ജനങ്ങൾക്ക് ഏറെ ഗുണകരമാവുമെന്ന അഭിപ്രായമാണ് പൊതുവിൽ ഉയർന്ന് വരുന്നത്.
കർഷകർക്ക് തങ്ങളുടെ കൃഷിഭൂമി സംരക്ഷിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ജനങ്ങളെ ഇവിടെ നിന്നും പൂർണ്ണമായി മാറ്റുന്നത് പ്രദേശം വന്യജീവികളുടെ സങ്കേതങ്ങളായി മാറുമെന്ന ആശങ്കയുമുണ്ട്. ഉരുട്ടി പാലത്തിനിപ്പുറം സുരക്ഷിതമായ ഭൂമി കണ്ടെത്താനാണ് വിലങ്ങാട് പുരധിവാസം ഏകോപിപ്പിക്കാൻ രൂപീകരിച്ച സർവ്വകക്ഷികോഡിനേഷൻ കമ്മിറ്റിയും ശ്രമിക്കുന്നത്.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഷെൽട്ടർ നിർമിക്കാൻ അഞ്ച് ലക്ഷം നേരെ പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഭൂമി വാങ്ങാൻ വിനിയോഗിക്കാൻ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്. ജനകീയ കൂട്ടായ്മയിൽ സ്ഥലം കണ്ടെത്തണമെന്ന അഭിപ്രായവും കഴിഞ്ഞ ദിവസം ചേർന്ന കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഉയർന്നിട്ടുണ്ട്.