വെട്ടിപൊളിച്ച റോഡുകള്‍ നന്നാക്കിയില്ല: യാത്രക്കാർക്ക് ദുരിതം
1451028
Friday, September 6, 2024 4:43 AM IST
കോഴിക്കോട്: ജലജീവന്‍ മിഷന് പദ്ധതിയില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള കണക്കനുസരിച്ച് പഞ്ചായത്ത്, -മുനിസിപ്പാലിറ്റികളിലായി 4,272 റോഡാണ് അറ്റകുറ്റപ്പണി നടത്താനുള്ളത്.
ഫണ്ട് ലഭ്യതയിലെ കാലതാമസത്താലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ഗുണഭോക്തൃ വിഹിതം സമയബന്ധിതമായി കിട്ടാത്തതും പ്രതിസന്ധിയാണ്. 2020ലാണ് ജലജീവന്‍ മിഷന് ആദ്യഘട്ടം നടപ്പാക്കിയത്. ഈ കരാര്‍ അനുസരിച്ച് വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങളായിരുന്നു അറ്റകുറ്റപ്പണി നടത്തേണ്ടത്.
എന്നാല്‍ 2022, 2023 വര്‍ഷങ്ങളില്‍ ആരംഭിച്ച രണ്ട്, മൂന്ന് ഘട്ടങ്ങള്‍ മുതലാണ് റോഡ് അറ്റകുറ്റപ്പണി ചുമതല ജല അഥോറിറ്റിക്ക് നല്‍കിയത്. ഫണ്ട് ലഭ്യത അനുസരിച്ച് ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ചെയ്യാനുള്ള മൊത്തം റോഡുകളുടെ എണ്ണം നോക്കുമ്പോള്‍ ഇത് നാമമാത്രമാണ്.
വാഹന ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ പ്രാദേശിക തലത്തില്‍ വലിയ പരാതിയാണ് ഉയരുന്നത്. തുടര്‍ന്നാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍നിന്ന് വാര്‍ഡ് തലത്തില്‍ റോഡുകളുടെ കണക്കെടുത്ത് തദ്ദേശ വകുപ്പ് ജലജീവന്‍ മിഷന് കൈമാറിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലും ജനപ്രതിനിധികള്‍ റോഡ് നന്നാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.