അക്ഷയ സെന്റർ നടത്തിപ്പുകാരനു മർദനം: വധശ്രമത്തിനു പോലീസ് കേസെടുത്തു
1444501
Tuesday, August 13, 2024 4:28 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറന്പ് അക്ഷയ സെന്റർ നടത്തിപ്പുകാരനെ സ്ഥാപനത്തിൽ നിന്നു ബലമായി പിടിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ മുക്കം പോലീസ് കേസെടുത്തു.
വധശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ചുള്ളിക്കാപറന്പ് അക്ഷയ സെന്റർ നടത്തിപ്പുകാരനായ ആബിദിനെ കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിലെത്തി ഒരു സംഘമാളുകൾ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
സാരമായി പരിക്കേറ്റ ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും മുക്കം പോലീസ് അറിയിച്ചു.
അതേ സമയം സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു.