കൊയിലാണ്ടി-പാലക്കാട് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
1442171
Monday, August 5, 2024 4:39 AM IST
കൊയിലാണ്ടി: വിവാദമായ കൊയിലാണ്ടി- പാലക്കാട് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും രാവിലെ 6.10ന് പുറപ്പെട്ട് ഉള്ള്യേരി, ബാലുശേരി, താമരശേരി, ഓമശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ വഴി പാലക്കാട് രാവിലെ 11.20ന് എത്തിച്ചേരുന്ന വിധമാണ് സർവീസ്.
പാലക്കാട് നിന്ന് 12.30ന് കൊയിലാണ്ടിയിലേക്ക് നടത്തുന്ന സർവീസ് വൈകീട്ട് 5.50 ന് കൊയിലാണ്ടിയിൽ എത്തിച്ചേരും. കെഎസ്ആർടിസിയുടെ പുതിയ സർവീസ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിക്കാനിരുന്ന സർവീസ് കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സ്വകാര്യ ബസ് ലോബിയുമായുള്ള ബന്ധം കാരണം നിലയ്ക്കുകയായിരുന്നു. ഇന്നലെ മുതലാണ് സർവീസ് ആരംഭിച്ചത്.
സർവീസ് ലാഭകരമായാൽ ഈ റൂട്ട് സ്ഥിരമാക്കുമെന്നാണ് അറിയുന്നത്. നേരത്തെ കൊയിലാണ്ടി- താമരശേരി റൂട്ടിൽ ആറോളം ബസുകൾ സർവീസ് നടത്തിയിരുന്നു. നല്ല ലാഭത്തിലായിരുന്ന സർവീസുകൾ സ്വകാര്യ ബസ്ലോബി ഇടപെടൽ കാരണം ഇപ്പോൾ പേരിന് ഒരു സർവീസ് മാത്രമാണ് നടത്തുന്നത്.