അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നവുമായി വിനോദും കുടുംബവും
1442167
Monday, August 5, 2024 4:39 AM IST
വേളം: മാനത്ത് മഴമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ വിനോദിന്റെയും കുടുംബാംഗങ്ങളുടെയും മനസിൽ ഭീതിയുടെ കാർമേഘം നിറയും. വേളം പഞ്ചായത്തിലെ പെരുവയൽ മനത്താനത്ത് വിനോദും ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളും, പ്രായമായ രോഗിയായ അമ്മയും അന്തി യുറങ്ങുന്നത് ഒരു മുറി മാത്രമുള്ള കുടിലിലാണ്.
മൺകട്ട കൊണ്ടുള്ള ചുമർ ഭിത്തിയിൽ ജീർണിച്ച മേൽക്കൂര ഏതു നിമിഷവും പൂർണമായി നിലംപൊത്താം എന്ന നിലയിലാണുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ നിലയിലാണുള്ളത്. വീട് പുതുക്കി പണിയാനോ പുതിയതൊന്ന് നിർമിക്കാനോയുള്ള സാമ്പത്തിക ശേഷി ഇന്ന് ഈ കുടുംബത്തിനില്ല.
കൂലി പണിക്കാരനായ വിനോദിന്റെ ആശ്രയത്തിൽ മാത്രമാണ് കുടുംബം മുന്നോട്ട് പോകുന്നത്. മഴ ശക്തി പ്രാപിച്ചതോടെ ജോലിക്ക് പോക്കും നിലച്ചിരിക്കുകയാണ്. അന്ത്യോദയ റേഷൻ കാർഡിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം മാത്രമാണ് ഇപ്പോൾ ഏക ആശ്രയം.
ലൈഫ് ഭവന പദ്ധതിയിൽ ഉയർന്ന പരിഗണന്ന ലഭിക്കേണ്ട കുടുംബമായിരുന്നിട്ടും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. വീട് നിർമാണത്തിനുള്ള ഫണ്ടിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി.
പഠിക്കുന്ന രണ്ട് കുട്ടികളും വളരെ പ്രയാസത്തിലാണ്. കിടന്നുറങ്ങാനും സ്വസ്ഥമായി പഠിക്കാനും അടച്ചുറപ്പുള്ള ഒരു ചെറിയ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സുമനസുകളുടെ കനിവ് തേടുകയാണ് വിനോദും കുടുംബവും.