ജില്ലാ കൃഷിഫാമിൽ ഒരു കറവപ്പശു കൂടി ചത്തു
1441590
Saturday, August 3, 2024 4:42 AM IST
പെരുവണ്ണാമൂഴി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ചക്കിട്ടപാറ പഞ്ചായത്തിലെ കൂത്താളി ജില്ലാ കൃഷിഫാമിൽ പശുക്കൾ ചാകുന്നത് തുടർക്കഥയാകുന്നു. ഇന്നലെ ഒരു കറവപ്പശു കൂടി ചത്തു. പേരാമ്പ്ര വെറ്ററിനറി ഹോസ്പിറ്റലിലെ സർജൻമാർ വന്നു പോസ്റ്റുമോർട്ടം ചെയ്തു.
പ്രധാന തൊഴുത്തിൽ പശുക്കൾ ചത്തൊടുങ്ങുന്നത് ഇപ്പോൾ സ്ഥിരം സംഭവമായിരിക്കുകയാണ്. അതേസമയം അൽപ്പം അകലെയുള്ള രണ്ടാമത്തെ തൊഴുത്തിൽ പ്രശ്നം കാണുന്നില്ല. മൊത്തം 57 പശുക്കൾ കൂട്ടിലുണ്ടെന്ന് അധികൃതർ പറയുന്നു.
അര ലക്ഷത്തിൽപ്പരം രൂപ ഓരോ പശുവിനും വിലയുണ്ട്. രോഗങ്ങൾ പശുക്കളിൽ തുടർച്ചയായി കണ്ടുവരുന്നുണ്ട്. പലപ്പോഴും ചികിത്സ ഫലിക്കുന്നുമില്ല. പത്തിലധികം തൊഴിലാളികൾക്കാണ് പശു സംരംക്ഷണത്തിനായി ചുമതല നൽകിയിട്ടുള്ളത്. മേൽനോട്ടം വഹിക്കാൻ വിവിധ കാറ്റഗറികളിൽ ഉദ്യോഗസ്ഥരെ വച്ചിട്ടുണ്ട്.
പാലുൽപ്പാദനം ഉണ്ടാകാറുണ്ടെങ്കിലും മൊത്തം പരിശോധിക്കുമ്പോൾ കാലി വളർത്തൽ ഇവിടെ നഷ്ടമാണ്. വളത്തിനായി ചാണകം ലഭിക്കുമല്ലോയെന്നു ചിലർ വാദിക്കുമെങ്കിലും ചെലവുകൾ പരിശോധിക്കുമ്പോൾ കോഴിക്കോട് ജില്ലാ കൃഷിഫാമിലെ പശു ഫാം മൊത്തം നഷ്ടമാണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.