ദുരിതത്തിലായ വ്യാപാരികൾക്കാശ്വാസമായി ഫണ്ട് കളക്ഷന് തുടക്കം
1441300
Friday, August 2, 2024 4:59 AM IST
മുക്കം: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ സർവസ്വവും നഷ്ടമായ ദുരന്തബാധിതരായ വ്യാപാരികളെ സഹായിക്കുന്നതിനായി സഹായ ഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി നൽകുന്ന ധനസഹായത്തിന്റെ ഫണ്ട് സമാഹരണത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റും പങ്കാളികളായി.
സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന ഫണ്ട് ശേഖരണത്തിലേക്കുള്ള കേരളത്തിലെ ആദ്യ ഫണ്ട് മുക്കം യൂണിറ്റ് നൽകി. ദുരിതബാധിതരായ വ്യാപാരികൾക്കായി ജില്ലയിൽ നിന്ന് പത്ത് കോടി രൂപയാണ് നൽകുന്നത്. ഇതിൽ ആദ്യ ഗഡുവായാണ് മുക്കം യൂണിറ്റ് രണ്ടു ലക്ഷം രൂപ നൽകിയത്. മുക്കം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി. അലി അക്ബറിൽ നിന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഫണ്ട് ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.