സൗജന്യ റേഷൻ വിതരണം ചെയ്തില്ല; ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു
1441299
Friday, August 2, 2024 4:59 AM IST
കോഴിക്കോട്: ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ രഹിതരാകുന്ന മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബുവിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശനെ ഉപരോധിച്ചു.
ജൂൺ ഒന്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം 52 ദിവസം കഴിഞ്ഞ് ജൂലൈ 31 ന് അവസാനിച്ചിട്ടും കോഴിക്കോട് ഇതുവരെ സൗജന്യ റേഷൻ വിതരണം ചെയ്തിട്ടില്ല. കണ്ണൂർ ജില്ലാ ഫിഷറീസ് ഓഫീസറെ ഡെപ്യുട്ടി ഡയറക്ടർ പി. വി. സതീശൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ റേഷൻ വിതരണം നടന്നിട്ടുണ്ടെന്ന് വിവരം നൽകി.
5000 ലധികം മത്സ്യ തൊഴിലാളികളുടെ ലിസ്റ്റ് സപ്ലൈ ഓഫീസർക്ക് നൽകിയതാണെന്നും ജില്ല സപ്ലൈ ഓഫീസറോട് വിശദീകരണം ചോദിച്ച് സൗജന്യ റേഷൻ കോഴിക്കോട് വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.