വെള്ളക്കെട്ടൊഴിയാതെ നൂറുകണക്കിന് വീടുകള്‍; ആശങ്കയായി പകര്‍ച്ചവ്യാധി ഭീതിയും
1441292
Friday, August 2, 2024 4:54 AM IST
ചാലിയാറും കടലുണ്ടിപ്പുഴയും നിറഞ്ഞു കവിഞ്ഞു
കോഴിക്കോട്: കനത്തമഴയും വയനാട്ടിലെ ഉരുള്‍പൊട്ടലും കോഴിക്കോട് ചാലിയാര്‍ പുഴയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് സമ്മാനിക്കുന്നത് ഇരട്ടി ദുരിതം. കരകവിഞ്ഞൊഴുകിയ ചാലിയാറില്‍ നിന്നും വെള്ളം വലിയാത്തത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ചെളിയും കല്ലും നിറഞ്ഞ് കലങ്ങിയ വെള്ളമാണ് പലവീടുകളിലും പരിസര പ്രദേശങ്ങളിലും കെട്ടികിടക്കുന്നത്. മഴയേക്കാള്‍ മലയിടിഞ്ഞ് എത്തിയ വെള്ളമാണ് ചാലിയാര്‍ സമീപ പ്രദേശങ്ങളെ മുക്കിയിരിക്കുന്നത്. വെള്ളം ഒഴിഞ്ഞുപോയില്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. പൂനൂർപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ദേശീയപാതയിൽ മൂഴിക്കലിൽ രാത്രി വെള്ളം കയറി. രാത്രി ഇതുവഴിയെത്തിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണു കടന്നുപോയത്.
ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ കൂടിയായതോടെ ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞത് കാരണം നൂറുകണക്കിനു കുടുംബങ്ങളെ വലച്ചു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
പാലാഴി, കൊമ്മേരി, മാവൂർ, ബേപ്പൂർ, ചെറുവണ്ണൂർ–നല്ലളം മേഖലയിലും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും കടലുണ്ടി പഞ്ചായത്ത് പ്രദേശങ്ങളിലും ക്രമാതീതമായി വെള്ളമുയർന്നു. അറപ്പുഴ, കൊടല് മണക്കടവ് ഭാഗം രണ്ടുദിവസമായി വെള്ളത്തിലാണ്. മഴയ്ക്കു ശമനമില്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ ഭീതിയോടെയാണു കഴിയുന്നത്.
ചെറുവണ്ണൂർ കുണ്ടായിത്തോട് ആമാംകുനി, തോണിക്കാട് താഴെനിലം, കരിമ്പാടം കോളനി മേഖലയിൽ വെള്ളം കയറി. ആമാംകുനി കനാൽ കരകവിഞ്ഞു. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചാലിയം–ബേപ്പൂർ ജങ്കാർ സർവീസ് നിർത്തിവച്ചു.