എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും: മന്ത്രി
1438483
Tuesday, July 23, 2024 7:40 AM IST
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. മലബാര്‍ മില്‍മ ക്ഷീര സദനം പദ്ധതി പ്രകാരം നിര്‍മിച്ച രണ്ടു വീടുകളുടെ താക്കോല്‍ദാനം നടുവണ്ണൂര്‍ എടയാടി സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ഫണ്ടും സംസ്ഥാന ഫണ്ടും ഒരു ചെറിയ തുക ക്ഷീര കര്‍ഷരില്‍ നിന്ന് ഈടാക്കിയുമാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രത്തിനു മുമ്പാകെ ഇതു സംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത ചൂടു കാരണം ഈ വര്‍ഷത്തെ വേനലില്‍ 500 പശുക്കളാണ് കേരളത്തില്‍ ചത്തത്. ഇതു വഴി ക്ഷീര കര്‍ഷകര്‍ വന്‍നഷ്ടം നേരിട്ടു. ഇത്തരം അവസരങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ചിഞ്ചുറാണി പറഞ്ഞു.
വാകയാട് ക്ഷീര സംഘത്തിലെ സരള, കരുമ്പാപൊയില്‍ ക്ഷീര സംഘത്തിലെ സുലോചന എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. കെ.എം. സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് പദ്ധതി വിശദീകരണം നടത്തി. കാലാവസ്ഥാ വ്യതിയാന ഇന്‍ഷ്വറന്‍സ് ക്ലെയിം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മില്‍മ ചെയര്മാന് കെ.എസ്. മണി നിര്‍വഹിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബോബി പീറ്റര്‍, മില്‍മ ഡയറക്ടര്‍മാരായ പി. ശ്രീനിവാസന്, കെ.കെ. അനിത, എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ് കുട്ടി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, നടുവണ്ണൂര്‍ റീജണല്‍ ബാങ്ക് പ്രസിഡന്റ് ടി. ഗണേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.