വെള്ളപ്പൊക്ക കെടുതി രൂക്ഷം; ജില്ലയിൽ മൂന്നു ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു
1437216
Friday, July 19, 2024 4:35 AM IST
കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയും മരങ്ങൾ കടപുഴകി വീണും ജില്ലയിൽ വ്യാപക നാശനഷ്ടം. നേരത്തേ കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന അഞ്ച് ക്യാന്പുകൾക്കു പുറമെ, മൂന്നു ക്യാന്പുകൾ കൂടി പുതുതായി ആരംഭിച്ചു.
കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലാണ് പുതുതായി ക്യാന്പുകൾ ആരംഭിച്ചത്. രണ്ട് താലൂക്കുകളിലെ എട്ട് ക്യാന്പുകളിലായി 77 പേരാണ് ക്യാംന്പുകളിൽ കഴിയുന്നത്. നാൽപതോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
കൊയിലാണ്ടി നഗരസഭയിലെ 29, 31, 32 വാർഡുകളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 13 കുടുബങ്ങളെ കോതമംഗലം ജിഎൽപി സ്കൂളിൽ ആരംഭിച്ച ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്. 16 പുരുഷൻമാർ, 21 സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിങ്ങനെ 39 പേരാണ് ക്യാന്പിലുള്ളത്. ചങ്ങരോത്ത് വില്ലേജിൽ കടിയങ്ങാട് മഹിമ സ്റ്റോപ്പിനടുത്തുള്ള വീട്ടിൽ വെള്ളം കയറിയതിനാൽ വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടിയെയും കടിയങ്ങാട് എഎൽപി സ്കൂളിലെ നഴ്സറി കെട്ടിടത്തിലേയ്ക്ക് മാറ്റി.
കോഴിക്കോട് താലൂക്കിലെ കുറ്റിക്കാട്ടൂർ വില്ലേജ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് പൈങ്ങോട്ടുപുറം അങ്കണവാടിയിൽ പുതുതായി ആരംഭിച്ച ക്യാന്പിൽ രണ്ടു പേരാണുള്ളത്. ഇതുൾപ്പെടെ കോഴിക്കോട് താലൂക്കിൽ നിലവിലുള്ള ആറു ക്യാന്പുകളിൽ 11 കുടുംബങ്ങളിൽ നിന്നായി 38 പേരുണ്ട്. ഇന്നലെയുണ്ടായ മഴയിൽ വെള്ളം കയറിയും മരങ്ങൾ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകൾ ഭാഗികമായി തകർന്നു.
കോഴിക്കോട് താലൂക്കിൽ മൂന്ന്, കൊയിലാണ്ടിയിൽ 10, വടകരയിൽ അഞ്ച്, താമരശേരിയിൽ മൂന്ന് എന്നിങ്ങനെയാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ചെങ്ങോട്ടുകാവ് വില്ലേജിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 20 കുടുംബങ്ങളെയും താമരശേരി പനങ്ങാട് പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് 11 കുടുംബങ്ങളെയും കുറ്റ്യാടിപ്പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ഏഴ് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി.
ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതെങ്കിലും അയൽ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴകാരണം ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയർന്ന് അപകടാവസ്ഥയിലാണ്. കുറ്റ്യാടിപ്പുഴയിലും മാഹിപ്പുഴയിലും അപകടകരമാംവിധം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.
താമരശേരി: കനത്ത മഴയിൽ താമരശേരി വെണ്ടേമുക്ക് ക്വാർട്ടേഴ്സിൽ വീടിനകത്ത് ഉറവ പൊങ്ങി. ടൈൽസിനിടയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി വീടിനകം നിറഞ്ഞു. ഹരികൃഷണനും കുടുംബവുമാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് വീടിനുള്ളിൽ നിന്നു ഉറവയെടുത്തു തുടങ്ങിയത്. അടുക്കളയിലും കടപ്പുമുറിയിലും ഡൈനിംഗ് ഹാളിലുമെല്ലാം വെള്ളം നിറഞ്ഞു.
കൂരാച്ചുണ്ട് : മഴക്കാലമായതോടെ യാത്രക്കാരെ ദുരിതത്തിലാക്കി റോഡിലെ വെള്ളക്കെട്ട്. കൂരാച്ചുണ്ട് - കല്ലാനോട് പിഡബ്ല്യുഡി പ്രധാന റോഡിലെ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് റോഡിൽ രൂപം കൊണ്ട വെള്ളക്കെട്ടാണ് കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയത്. ഈ മേഖലയിൽ റോഡിന് ഓവുചാല് ഇല്ലാത്തതിനാൽ മഴ പെയ്തൊഴുകുന്ന വെള്ളം ദിവസങ്ങളോളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.
ഒട്ടനവധി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഓടുന്ന തിരക്കേറിയ റോഡാണിത്. ഇതുമൂലം വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളക്കെട്ട് ഏറെ ദുരിതമായി മാറുന്നുണ്ട്. അടിയന്തരമായി വെള്ളക്കെട്ട് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് കറുത്ത പറമ്പിൽ പെട്രോൾ പമ്പ് നിർമിക്കുന്നതിനായി മലയിടിച്ച ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലാണ് വ്യാഴാഴ്ചയും മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞവർഷം പെട്രോൾ പമ്പിന്റെ ഏതാണ്ട് പ്രവൃത്തി പൂർത്തീകരിച്ച സമയത്ത് വലിയ മണ്ണിടിച്ചിലുണ്ടാവുകയും പദ്ധതി പൂർണമായും തകർന്ന് പോവുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വലിയ ആശങ്കയിലുമായിരുന്നു. ഉടമ പ്രവൃത്തി പുനരാംഭിക്കുന്നതിനിടെ കഴിഞ്ഞ മാസവും മഴയിൽ മണ്ണിടിഞ്ഞു വീണിരുന്നു.സമാനമായി തന്നെയാണ് ഇന്നലെയും കനത്ത മഴയിൽ മലയുടെ മുകൾ ഭാഗം ഇടിഞ്ഞ് നിർമാണം നടക്കുന്ന ഭാഗത്തേക്ക് പതിച്ചത്.
തുടർച്ചയായി മണ്ണിടിച്ചിലിന് സാധ്യതയുള്ള ഈ പ്രദേശത്ത് മലയിടിക്കാൻ അനുമതി നൽകിയ അധികൃതർക്കെതിരെയും പരാതി ഉയരുന്നുണ്ട്.നേരത്തെ പെട്രോൾ പമ്പ് നിർമാണത്തിനായി അനുവദിച്ചതിൽ കൂടുതൽ മണ്ണെടുത്ത സമയത്ത് റവന്യു ഉദ്യോഗസ്ഥരും ജിയോളജി ഉദ്യോഗസ്ഥരും എത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
പിന്നീട് പിഴ അടച്ച് പ്രവർത്തി വീണ്ടും ആരംഭിക്കുകയായിരുന്നു. തുടർച്ചയായി കുന്ന് ഇടിയുന്നത് കറുത്ത പറമ്പ് അങ്ങാടിക്കും സംസ്ഥാന പാതയിലെ യാത്രക്കാർക്കും കുന്നിന് താഴ് ഭാഗത്തെവീടുകൾക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
തിരുവമ്പാടി: കോടഞ്ചേരി - കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെ വീശിയടിച്ച കാറ്റിലാണ് തേക്ക് മരം റോഡിലേക്ക് വീണത്. നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് മരങ്ങൾ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തിരുവമ്പാടി-കൂടരഞ്ഞി അൽഫോൻസാ കോളജ് റോഡിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
ചക്കിട്ടപാറ: ശക്തമായ കാറ്റിൽ ചക്കിട്ടപാറ മേഖലയിൽ വ്യാപക നാശനഷ്ടം. ഒട്ടേറെ കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു. മരം വീണു കൊല്ലിയിൽ കെ.ജെ. തോമസിന്റെ വീടിന്റെ മേൽ കൂര തകർന്നു. പള്ളിത്താഴത്ത് ഷാൽവിന്റെ ഉടമസ്ഥതയിലുള്ള വീടിനു മേലും മരം വീണു നാശമുണ്ടായി. താമസക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.