ജില്ലയിൽ പെയ്തിറങ്ങിയത് പേമാരി: വെള്ളക്കെട്ട് രൂക്ഷം
1436761
Wednesday, July 17, 2024 7:40 AM IST
കോഴിക്കോട്: ഏതാനും ദിവസങ്ങളായി കോഴിക്കോട് ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. വ്യാപക നാശനഷ്ടവും സംഭവിച്ചു. വിവിധയിടങ്ങളിൽ നിന്നായി നിരവധി കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു.
അപകട ഭീഷണിയിൽ കഴിയുന്നവരെ പോലീസിന്റെ സഹായത്തോടെയാണ് അധികൃതർ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് ക്യാന്പുകളിലേക്കു മാറ്റിയത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അധികൃതർ തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. കനോലി കനാലിൽ ജലനിരപ്പ് ഉയർന്നതിനാൽ ബൈപാസ് റോഡ് വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
കനാലിൽ നിന്നു കല്ലായ് പുഴയിലേക്കുള്ള ഒഴുക്ക് മന്ദഗതിയിലായതിനാൽ കനോലി കനാലിൽ ജലനിരപ്പ് ഉയർന്ന് പല സ്ഥലങ്ങളിലും ബൈപ്പാസ് റോഡിനൊപ്പമെത്താനായി. അതിനിടെ ഇന്നലെ പകൽ കോഴിക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. എന്നാൽ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച രാത്രിയും ഇന്നലെയുമായി പെയ്ത അതിതീവ്ര മഴയിൽ 30ലേറെ വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഞ്ചിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.

കോഴിക്കോട് താലൂക്കിലെ 15 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. താലൂക്കിൽ മരങ്ങൾ വീണും മണ്ണിടിഞ്ഞും മറ്റുമായി 14 വീടുകൾ ഭാഗികമായി തകർന്നു. പുതിയങ്ങാടി എഫ്സിഐ ഗോഡൗണിലെ ഓവ് ചാൽ ഗ്രില്ലിൽ മാലിന്യം കുടുങ്ങി അടഞ്ഞത് കാരണം വരക്കൽ കൈതവളപ്പ് പ്രദേശത്തെ 15ഓളം വീടുകളിൽ വെള്ളം കയറി. താമരശേരി താലൂക്കിലെ അഞ്ച് വില്ലേജുകളെ മഴക്കെടുതികൾ ബാധിച്ചു. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. കൂടത്തായി വില്ലേജിൽ മൈക്കാവ് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പിൻഭാഗത്തു മണ്ണിടിഞ്ഞു, പള്ളിയുടെ പിൻഭാഗത്തുള്ള അടുക്കള പൂർണമായും തകർന്നു. തെയ്യപ്പാറ ഏലിയാസിന്റെ വീടിനു മുകളിൽ മരം വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.
കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 12 വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിയ്യൂർ വില്ലേജിൽ അഞ്ച് കുടുംബങ്ങളും അരിക്കുളം വില്ലേജിൽ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്താമസിച്ചു. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.
പൂനൂർ പുഴയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാർ പുഴയിലേക്ക് ശക്തമായ നീരൊഴുക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു. പുഴകളുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈദ്യുത വിതരണ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.
വെള്ളക്കെട്ടില്‍ മുങ്ങി നഗരം; യാത്ര ദുഷ്കരം
കോഴിക്കോട്: കനത്ത മഴയില്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങി. പ്രധാന കവലകളെല്ലാം വെള്ളത്താല്‍ നിറഞ്ഞു. നഗരത്തിലെത്തിയവര്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. ഇരുചക്രവാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. വെള്ളക്കെട്ട് കാരണം ഗതാഗതകുരുക്കും രൂക്ഷമായി.
മാനാഞ്ചിറ സ്ക്വയറില്‍ എസ്കെ പ്രതിമയ്ക്കു സമീപം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിനു മുന്‍വശം, മാവൂര്‍റോഡ്, ജാഫര്‍ഖാന്‍ കോളനിറോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, അരയിടത്തുപാലം, റെയില്‍വേ സ്റ്റേഷനു സമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടു. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നം വഷളാക്കിയത്. എസ്കെ പ്രതിമയ്ക്കു സമീപം മഴ പെയ്താല്‍ നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. മഴ പോയാലും ദിവസങ്ങളോളം ഇവിടെ വെള്ളം കെട്ടിനില്ക്കും.ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ് ഈ വെള്ളത്തിന്.
വെള്ളക്കെട്ടുകാരണം ഇവിടെ നിന്ന് ബസില്‍ കയറാന്‍ പറ്റില്ല. നടന്നു മിഠായിത്തെരുവിലേക്കു പോകാനും ബുദ്ധിമുട്ടാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിനു സമീപം വലിയ തോതിലുള്ള വെള്ളക്കെട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപം കൊണ്ടത്. മഴക്കാലപൂര്‍വ ശുചീകരണം നടത്താത്താത്തതിനാല് ഓടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
കൊയിലാണ്ടി: ശക്തമായ മഴയിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. ഇന്നലെ വൈകുന്നേരമുണ്ടായ മഴയിലാണ് എടക്കുളം കിളിയം വീട്ടിൽ കമലയുടെ വീടിന്റെ പിൻഭാഗത്തുണ്ടായിരുന്ന തെങ്ങ് പൊട്ടി വീണത്. വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്ന ഭർത്താവ് ദാസൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വീട് സന്ദർശിച്ചു.
മുക്കം: കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു. ഒരാഴ്ചയോളമായി തുടരുന്ന മഴയിൽഇരുവഴിഞ്ഞി പുഴയും ചെറുപുഴയും കരകവിഞ്ഞു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.ഇരുവഴിഞ്ഞി തീരത്തുള്ള മുക്കംപാലം - ചോണാട് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചെറുപുഴയുടെ തീരത്തുള്ള കാരശേരി കുമരനെല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിലും വെള്ളം കയറി. ചെറുവാടി താഴത്ത്മുറി ഭാഗത്ത് വെള്ളം കയറിയതോടെ നിരവധി വീട്ടുകാർ ഭീതിയിലാണ്. പ്രദേശത്തെ ഡ്രൈനേജ് അടഞ്ഞതാണ് വെള്ളം കയറാൻ കാരണമെന്നാണ് വിവരം.
ചേന്ദമംഗല്ലൂർ പുൽപറമ്പ് പ്രദേശം, കച്ചേരി ഗ്രൗണ്ട് എന്നിവിടങ്ങളിലും വെള്ളം കയറിയതോടെ പ്രദേശവാസികളും ഭീതിയിലാണ്. ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വീടുകൾ അപകട ഭീഷണിയിലാണ്. കാരശേരി പഞ്ചായത്തിലെ കൽപൂര് സ്വദേശി സലിം മൈലാടിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
സലീമിന്റെ വീടിന്റെ തൊട്ടു താഴെയുള്ള ആളൊഴിഞ്ഞ വീടിന് മുകളിലേക്കാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. ഇതോടെ രണ്ട് വീടുകളും അപകട ഭീഷണിയിലാണ്. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് തെയ്യത്തുംകാവ് 72കാരി കൊറ്റികുട്ടിയുടെ ഉപജീവന മാർഗമായിരുന്ന ആട് ഫാമിന്റെ ചുറ്റുമതിൽ കനത്തമഴയിൽ ഇടിഞ്ഞു വീണു.
കൂരാച്ചുണ്ട്: ശക്തമായ മഴയിലും കാറ്റിലും കരിയാത്തുംപാറ അമ്പലം - ഉരക്കുഴി റോഡിൽ മരം റോഡിലേക്ക് പതിച്ച് ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെയുണ്ടായ കാറ്റിലാണ് മരം നിലം പതിച്ചത്. തുടർന്ന് നാട്ടുകാർ രംഗത്തിറങ്ങി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സമീപത്തെ വൈദ്യുതി ലൈനിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരുപത്തെട്ടാംമൈൽ - തലയാട് റോഡിലും ശക്തമായ കാറ്റിൽ മരം വീണ് ഗതാഗതം മുടങ്ങുകയും മേഖലയിലെ വൈദ്യുതി കാലുകൾ നിലംപതിച്ച് വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തിരുന്നു.
പേരാമ്പ്ര: അരിക്കുളം പഞ്ചായത്ത് രണ്ടാം വാർഡിലെ കിണറുള്ളകണ്ടി കെ.കെ. രവീന്ദ്രന്റെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ആൾമറയുള്ള കിണറാണ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാവിലെ 8.30 ന് ആണ് സംഭവം. മോട്ടോറും കിണറ്റിൽ പതിച്ചു.
പേരാമ്പ്ര : കരികണ്ടൻപാറ ഊളേരി റോഡിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വൈദ്യുതി കന്പിയിൽ വീണു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. മരം വൈദ്യുതി കമ്പിയിൽ തടഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസിൽ കൊല്ലം കുന്യോറ മലയിൽ മണ്ണിടിച്ചിൽ. എസ്എൻ കോളജിനുസമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണം. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുന്ന് ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മൂരാടും, മുക്കാളിയിലും സംഭവിച്ചതു പോലെ ഇവിടെയും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ.
കൂടുതൽ മഴ കക്കയത്ത്
കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കക്കയത്ത്. 15ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ ലഭിച്ച മഴയുടെ കണക്ക് ചുവടെ: കക്കയം- 229 മില്ലീമീറ്റർ, പെരുവണ്ണാമൂഴി- 128 മില്ലീമീറ്റർ, കുന്നമംഗലം- 126 മില്ലീമീറ്റർ, വടകര- 83.5 മില്ലീമീറ്റർ, വിലങ്ങാട്- 50.5 മില്ലീമീറ്റർ.