കൊടിയത്തൂർ മാട്ടുമുറി ഉപതെരഞ്ഞെടുപ്പ്; ഒൻപതുപേർ മത്സര രംഗത്ത്
1435378
Friday, July 12, 2024 3:38 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ മാട്ടുമുറിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ അവസാനിച്ചപ്പോൾ മത്സര രംഗത്ത് ഒൻപതുപേർ. യുഡിഎഫ്, എൽഡിഎഫ്, ബിജെപി, എസ്ഡിപിഐ സ്ഥാനാർഥികൾക്കു പുറമേ അഞ്ച് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
ഇതിൽ മൂന്നുപേർ അപരൻമാരാണ്. രണ്ടു പേർ യുഡിഎഫ് സ്ഥാനാർഥി യു.പി. മമ്മദിന്റെ പേരിനോടു സാമ്യമുള്ളവരും ഒരാൾ ഇടതു സ്ഥാനാർത്ഥി കബീർ കണിയാത്തിന്റെ പേരിനോട് സാമ്യമുള്ളയാളുമാണ്. ഇടതു സ്ഥാനാർഥി കബീർ കക്കാടൻകുന്ന് എന്ന കബീർ കണിയാത്ത്, യുഡിഎഫ് സ്ഥാനാർഥി ഉച്ചക്കാവിൽ പുളിക്കൽ മമ്മദ് എന്ന യു.പി. മമ്മദ്,
ബിജെപി സ്ഥാനാർഥി അഭിഷേക്, എസ്ഡിപിഐ സ്ഥാനാർഥി സുബൈർ പൊയിൽക്കര എന്നിവർക്ക് പുറമേ ഇടതു ഡമ്മി സ്ഥാനാർഥി ജുനൈദ് തെക്കേപ്പാട്ട്, യുഡിഎഫ് ഡമ്മി സ്ഥാനാർഥി നജീബ് ചാലിക്കുളത്തിൽ എന്നിവരും സ്വതന്ത്രരായ അബ്ദുൾ കബീർ മുസ്ലിയാരകത്ത്, മമ്മദ് കുറുവൻകടവത്ത്, മമ്മദ് പേരായി എന്നിവരുമാണ് മത്സര രംഗത്തുള്ളത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഈ മാസം 15 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.