യോഗ മനസും ശരീരവും ഏകോപിപ്പിക്കും: ഡോ. പ്രസാദ് കൃഷ്ണ
1430609
Friday, June 21, 2024 5:32 AM IST
കോഴിക്കോട്: മനസും ശരീരവും ഏകോപിക്കുന്നതാണ് യോഗയെന്ന് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എൻഐടി യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനസ് സെന്ററിന്റെയും എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ എന്നാൽ യോജിപ്പിക്കുന്നത് എന്നാണ് അർഥം.
മനസും ശരീരവും ഹൃദയവും ഒന്നിപ്പിക്കുന്നതാകണം ജീവിത ലക്ഷ്യമെന്നും ഡോ. പ്രസാദ് കൃഷ്ണ കൂട്ടിച്ചേർത്തു. കരുണ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഐടി സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർപേഴ്സൺ ഡോ. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
എൻഐടി യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനസ് സെന്റർ ചെയർപേഴ്സൺ ഡോ. എ.കെ. കസ്തൂബ സന്ദേശം നൽകി. കെ.ടി. ശേഖർ, ക്യാപ്റ്റൻ സെറീന നാവാസ്, എം.എ. ജോൺസൺ, സിസ്റ്റർ കൊച്ചു റാണി എന്നിവർ പ്രസംഗിച്ചു. പ്രഫ. വർഗീസ് മാത്യു വിദ്യാർഥികൾക്കായി യോഗ അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ കെ. ആലീസ്, ലിറ്റി ജോൺ എന്നിവർ പ്രസംഗിച്ചു.