വിദ്യാർഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും
1430608
Friday, June 21, 2024 5:32 AM IST
കോഴിക്കോട്: വിദ്യാർഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമെന്ന് സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു.
ജില്ലയിലെ ആർടി ഓഫീസുകളിൽ നിന്നും പുതിയ പാസ് നൽകി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് വിദ്യാർഥികൾക്ക് യാത്രാപാസ് ഉപയോഗിക്കാൻ കഴിയുക. പരമാവധി 27 വയസ് വരെ പ്രായമുള്ളവർക്കാണ് വിദ്യാർഥി യാത്രാപാസ് അനുവദിക്കുക. യോഗത്തിൽ സബ് കളക്ടർ ഹർഷിൽ ആർ. മീണ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ആർടിഒബി ആർ. സുമേഷ്, വിദ്യാർഥി സംഘടനകൾ, ബസുടമകൾ, പാരലൽ കോളജ് അസോസിയേഷൻ, എയ്ഡഡ് കോളജ് എന്നിവരുടെ പ്രതിനിധികളും കെഎസ്ആർടിസി, വിദ്യാഭ്യാസ ഓഫീസ്, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.