പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
1430392
Thursday, June 20, 2024 5:22 AM IST
താമരശേരി: പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന പി.കെ. ഷൈജലിനെ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കം ചെയ്തു. പെരുന്നാൾ ആശംസകൾ അറിയിക്കുന്നതുമായി ബന്ധപ്പെട്ട് "നാട്ടുവാർത്ത' എന്ന പ്രാദേശിക ഗ്രൂപ്പിൽ പാർട്ടി നയത്തിന് വിരുദ്ധമായി പോസ്റ്റിട്ടതിനാണ് നടപടി.
ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഒരു കാരണവശാലും ഉണ്ടാകുവാൻ പാടില്ലാത്ത പദപ്രയോഗമാണ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്നും പാർട്ടി വിലയിരുത്തി. പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി.എ. മൊയ്തീന് സെക്രട്ടറിയുടെ ചുമതല നൽകി.
ബിന്ദു ഉദയന്റെ അധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പാർട്ടി ഏരിയ സെക്രട്ടറി കെ. ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി. വേലായുധൻ, ടി.എ. മൊയ്തീൻ എന്നിവർ പങ്കെടുത്തു. നടപടി വന്നതോടെ ഷൈജൽ മാപ്പ് അപേക്ഷയുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.