അതി സാഹസികതയിൽ ഭയന്ന് നാട്ടുകാർ: സഞ്ചാരികളുടെ മനം കവർന്ന് തിരികക്കയം വെള്ളച്ചാട്ടം
1430387
Thursday, June 20, 2024 5:22 AM IST
നാദാപുരം: പ്രകൃതി സൗന്ദര്യം ഏറെ തുളുമ്പുന്ന വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം നാട്ടുകാരുടെ മനം കവരുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് ആരെയും ആകർഷിക്കുന്ന മനോഹര കാഴ്ചയുമായി തിരികക്കയം നിറഞ്ഞു നിൽക്കുക. ഈ സീസണിൽ ദിനംപ്രതി നിരവധി പേരാണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇവിടെ എത്തിച്ചേരുന്നത്.
50 അടിയോളം മുകളിൽ നിന്നു വെള്ളം ഊർന്നിറങ്ങി പാറക്കെട്ടിൽ നിന്നും ചിതറിത്തെറിക്കുന്നതാണ് ഇവിടെത്തെ പ്രധാന ആകർഷണം. വെള്ളം ചിതറി തെറിക്കുന്ന ഭാഗത്ത് നീന്താനും കഴിയും.
എന്നാൽ വിദൂരങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികൾ ഇവിടെത്തെ അപകടക്കുരുക്ക് അറിയാതെയാണ് പെരുമാറുന്നത്. മാർഗനിർദേശം നൽകാനോ സഞ്ചാരികളെ നിരീക്ഷിക്കാനോ ഇവിടെ ഒരു സംവിധാനവും ഒരുക്കിയിട്ടുമില്ല. വെള്ളച്ചാട്ടത്തിന് മുകളിൽ കയറി സെൽഫി എടുക്കാനും താഴേക്ക് ചാടാനുമുള്ള സഞ്ചാരികളുടെ സാഹസികത വഴുവഴുപ്പ് നിറഞ്ഞ പാറക്കെട്ടുകളെ ഏറെ അപകടകരമാക്കുന്നു.
മുകളിലേക്ക് വിലക്ക് ഏർപ്പെടുത്തി ബോർഡ് വച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ട് സഞ്ചാരികൾ പാറയുടെ മുകളിൽ നിന്ന് വഴുതി വീണ് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പരിക്ക് പറ്റിയവരും നിരവധിയാണ്. അപകടം പതിയിരിക്കുന്ന സ്ഥലത്ത് അതിസാഹസിക പ്രകടനത്തിന് മുതിരുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ പഞ്ചായത്തും പോലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.