തിരുവാതിരക്കളിയിലും ശൈലി ഏകീകരണം അനിവാര്യം: മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
1430195
Wednesday, June 19, 2024 7:02 AM IST
കോഴിക്കോട്: വാദ്യകലയിലെ "പാണി' പോലെ തിരുവാതിരക്കളിയിലും ശൈലി ഏകീകരണം അനിവാര്യമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പറഞ്ഞു.
തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും കണ്ണഞ്ചേരിയിൽ സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത് ഏറെ ഗുണകരമായിരിക്കുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ അഭിപ്രായപ്പെട്ടു. പ്രശസ്ത കൈകൊട്ടിക്കളിപ്പാട്ട് രചയിതാവ് കെ.എൽ.എം. സുവർദ്ധനെ ചടങ്ങിൽ ആദരിച്ചു.
ആലുവ സെന്റ് സേവിയേഴ്സ് കോളജ് റിട്ട. പ്രഫ. ഡോ. സി. ശാന്തകുമാരി അധ്യക്ഷയായിരുന്നു. റിട്ട. പ്രഫ. അംബുജാക്ഷി, ഗീത ശർമ്മ ഗുരുവായൂർ, പ്രീത ബാലകൃഷ്ണൻ, മായ നെല്ലിയോട് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്ത ശിൽപശാലയിൽ എഴുതി തയാറാക്കിയ തിരുവാതിരക്കളി നിയമാവലി പൊതുവിദ്യാഭ്യാസ വകുപ്പിനും വിവിധ സർവകലാശാലകൾക്കും സമർപ്പിക്കാൻ തീരുമാനിച്ചു.