പട്ടികവർഗ ഉന്നമനം: സംസ്ഥാനത്ത് 25 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നു
1429923
Monday, June 17, 2024 5:16 AM IST
കൽപ്പറ്റ: പട്ടികവർഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു സംസ്ഥാനത്ത് വിവിധ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് നബാർഡ് 25 കോടി രൂപ അനുവദിച്ചു. മുത്തങ്ങയിൽ സ്നേഹ ഹസ്തം ട്രൈബൽ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യവേ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചതാണ് വിവരം. കൃഷി, വനം വകുപ്പുകൾ ചേർന്നാണ് പദ്ധതികൾ നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു.
പദ്ധതി വിഹിതത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. പദ്ധതിയിൽ കൂടുതൽ തുക വയനാടിനു വകയിരുത്തിയിട്ടുണ്ട്. ഗോത്ര ജനതയുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു ആവിഷ്കരിച്ചതാണ് സ്നേഹ ഹസ്തം പദ്ധതി. ട്രൈബൽ മെഡിക്കൽ ക്യാന്പ് കൂടുതൽ സ്ഥലങ്ങളിൽ നടത്തും.
60ൽ അധികം പട്ടികവർഗ ഊരുകളിൽ വായനശാല സ്ഥാപിച്ചിട്ടുണ്ട്. 100 വായനശാലകളാണ് ആകെ സ്ഥാപിക്കുന്നത്. പട്ടികവർഗ ക്ഷേമത്തിനു ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.