എൻഐടിയിലേക്ക് മാർച്ച് നടത്തിയ സംഭവം; 40 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
1429641
Sunday, June 16, 2024 5:49 AM IST
മുക്കം: രാത്രി നിയന്ത്രണത്തിനെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ എൻഐടി അധികൃതർ വൻതുക പിഴയിട്ടതിനെതിരേ എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ 40ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
1984-ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ്. എസ്എഫ്ഐ മാർച്ച് അക്രമാസക്തമാവുകയും എസ്ഐക്ക്പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബാരിക്കേഡ് കെട്ടിയ മതിലിന്റെ തൂൺ ഇടിഞ്ഞ് വീണാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് കേസ്. എസ്എഫ്ഐ കുന്ദമംഗലം ഏരിയ കമ്മറ്റിനേതൃത്വത്തിലായിരുന്നു മാർച്ച്. പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായിരുന്നത്. രാത്രി നിയന്ത്രണത്തിനെതിരേ സമരം ചെയ്ത അഞ്ച് വിദ്യാര്‍ഥികൾക്ക് 33ലക്ഷം രൂപയാണ് എൻഐടി അധികൃതർ പിഴയിട്ടത്.
മാർച്ച് 22 ന് കാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞാണ് പിഴയിട്ടിരിക്കുന്നത്. ഒരു വിദ്യാർഥി 6,61,155 രൂപ അടക്കണം. വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർഷ്, ബെൻ തോമസ് എന്നിവർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.